
ഇസ്ലാമാബാദ്: മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് ചലച്ചിത്രതാരം സന ജാവേദിനെ വിവാഹം കഴിച്ചു. ഇന്ന് നടന്ന ഇരുവരുടേയും വിവാഹ ചടങ്ങിന്റെ ഫോട്ടോകള്‍ മാലിക്ക് തന്നെ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു. ഷായ്ബ് മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം സനയുടെ ജന്മദിനത്തില്‍ മാലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത് സംശയങ്ങള്‍ വര്‍ധിപ്പിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സനയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച മാലിക്ക് 'ഹാപ്പി ബര്‍ത്ത്ഡേ ബഡ്ഡി' എന്നും കുറിച്ചിട്ടിരുന്നു.
വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും സന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. മാലിക്കും സാനിയയും 2010 ല്‍ ഇന്ത്യയിലെ ഹൈദരാബാദില്‍ പരമ്പരാഗത ഇസ്ലാമിക ചടങ്ങിലാണ് വിവാഹിതരായത്. തുടര്‍ന്ന് പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ വാലിമ ചടങ്ങും നടന്നു. ദമ്പതികളുടെ ആദ്യ മകന്‍ ഇസാന്‍ 2018ലാണ് ജനിച്ചത്. കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയയും മാലിക്കും മകന്റെ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന ചിന്ത ആരാധകര്‍ക്കുമണ്ടായിരുന്നു.
എന്നാല്‍ ഈ വര്‍ഷം മാലിക്ക് തന്റെ ഇന്‍സ്റ്റഗ്രാം ബോയ അപ്‌ഡേറ്റ് ചെയ്യുകയുണ്ടായി. 'സൂപ്പര്‍വുമണിന്റെ ഭര്‍ത്താവ്' എന്നുള്ളത് മാലിക്ക് എഡിറ്റ് ചെയ്ത് മാറ്റുകയായിരുന്നു. വേര്‍പിരിയലിനെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിച്ചപ്പോഴും ഇരുവരും തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പുറത്തുവിട്ടിരുന്നില്ല. അതുകൊണ്ടുതന്നെ പുറത്തുവരുന്ന പുതിയ വാര്‍ത്തകളില്‍ ആരാധകര്‍ അസ്വസ്ഥരാണ്. അഭ്യൂഹങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് സാനിയ കഴിഞ്ഞ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഒരു ക്വാട്ട് പങ്കുവച്ചിരുന്നു.
അതില്‍ പറയുന്നത് ഇങ്ങനെയായിരുന്നു. ''വിവാഹം ബുദ്ധിമുട്ടാണ്. വിവാഹമോചനവും ബുദ്ധിമുട്ടാണ്. നിങ്ങളുടെ ബുദ്ധിമുട്ട് തിരഞ്ഞെടുക്കുക. അമിതവണ്ണം കഠിനമാണ്. ഫിറ്റായിരിക്കുകയെന്നുള്ളതും കഠിനമാണ്. കഠിനമായത് തിരഞ്ഞെടുക്കുക. കടക്കെണിയിലാകുന്നത് ബുദ്ധിമുട്ടാണ്. സാമ്പത്തികമായി അച്ചടക്കം പാലിക്കുന്നത് ബുദ്ധിമുട്ടാണ്. നിങ്ങളുടെ ബുദ്ധിമുട്ട് തിരഞ്ഞെടുക്കുക. ആശയവിനിമയം ബുദ്ധിമുട്ടാണ്. ആശയവിനിമയം നടത്താത്തത് ബുദ്ധിമുട്ടാണ്. നിങ്ങളുടെ ബുദ്ധിമുട്ട് തിരഞ്ഞെടുക്കുക. ജീവിതം ഒരിക്കലും എളുപ്പമാകില്ല. അത് എപ്പോഴും ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ നമുക്ക് നമ്മുടെ കഠിനാധ്വാനം തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കുക.'' ഇത്രയുമാണ് സാനിയ പങ്കുവച്ചത്.
ആര് വന്നാലും ഇല്ലെങ്കിലും ഞാന്‍ പോവും! രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിന് ചരിത്രപ്രാധാന്യമെന്ന് ഹര്‍ഭജന്‍