
റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 267 റണ്‍സിന് പുറത്ത്. രണ്ടാം ടെസ്റ്റിലേതുപോലെ തുടക്കം മുതല്‍ സ്പിന്നര്‍മാരെ തുണച്ച പിച്ചില്‍ ആറ് വിക്കറ്റെടുത്ത സാജിദ് ഖാനും മൂന്ന് വിക്കറ്റെടുത്ത നോമാന്‍ അലിയും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ കറക്കി വീഴത്തിയത്. 89 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്താണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗ് തുടങ്ങിയ പാകിസ്ഥാനും ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്.
ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ പാകിസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സോടെ ക്യാപ്റ്റൻ ഷാന്‍ മസൂദും 16 റണ്‍സോടെ സൗദ് ഷക്കീലും ക്രീസില്‍. അബ്ദുള്ള ഷഫീഖ്(14), സയ്യിം അയൂബ്(19), കമ്രാന്‍ ഗുലാം(3) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ചും ഷൊയ്ബ് ബഷീറും ഗുസ് അറ്റ്കിൻസണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് മികച്ച തുടക്കത്തിനുശേഷമാണ് തകര്‍ന്നടിഞ്ഞത്. ഓപ്പണിംഗ് വിക്കറ്റില്‍ സാക് ക്രോളി(29) ബെൻ ഡക്കറ്റ്(52) സഖ്യം 56 റണ്‍സടിച്ചു. സാക് ക്രോളിയെ മടക്കിയ നോമാന്‍ അലിയാണ് പാകിസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ഒല്ലി പോപ്പ്(3), ജോ റൂട്ട്(5) എന്നിവരെ സാജിദ് ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇംഗ്ലണ്ട് പതറി.
വാഷിംഗ്ടണ്‍ സുന്ദറിന് 7 വിക്കറ്റ്, പൂനെയില്‍ കിവീസിനെ സ്പിന്‍ കെണിയിൽ വീഴ്ത്തി ഇന്ത്യ
ഡക്കറ്റിനെ നോമാന്‍ അലിയും ഹാരി ബ്രൂക്കിനെ(5) സാജിദ് ഖാനും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് 98-ലേക്ക് കൂപ്പുകുത്തി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ(12) കൂടി മടക്കി സാജിദ് ഖാന്‍ ഇംഗ്ലണ്ടിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. എന്നാല്‍ ഗുസ് അറ്റ്കിന്‍സണെ(39) കൂട്ടുപിടിച്ച് ജാമി സ്മിത്ത്(89) നടത്തിയ പോരാട്ടം ഇംഗ്ലണ്ടിനെ 200 കടത്തി. അറ്റ്കിന്‍സണെ വീഴ്ത്തിയ നോമാന്‍ അലിയാണ് കൂട്ടുകെട്ട് പൊളിച്ചത്. വാലറ്റത്തെക്കൂടി മടക്കി സാജിദ് ഖാന്‍ ആറ് വിക്കറ്റ് തികച്ചതിനൊപ്പം ഇംഗ്ലണ്ട് 267 റണ്‍സിന് പുറത്തായി. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് ജയിച്ച് പാകിസ്ഥാന്‍ പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!