കറാച്ചിയിൽ ആവേശം കൂട്ടി പാക് ധീരത; പിന്നാലെ തകര്‍ത്തടിച്ച് ന്യൂസിലന്‍ഡ്; ഒടുവില്‍ ആവേശം കെടുത്തി സമനില

By Web TeamFirst Published Dec 30, 2022, 6:18 PM IST
Highlights

നാലാം ഇന്നിംഗ്സില്‍ ന്യസിലന്‍ഡിന് 14-15 ഓവറില്‍ 138 റണ്‍സ് എന്ന വിജയലക്ഷ്യം മുന്നോട്ട് വച്ച് പാകിസ്ഥാന്‍ ഡിക്ലയര്‍ ചെയ്തതോടെയാണ് മത്സരത്തിന് ആവേശം കൈവന്നത്. സമനിലയിലേക്ക് നീങ്ങിയ ടെസ്റ്റിന് ജീവന്‍ വയ്ക്കുന്ന തീരുമാനമാണ് പാക് നായകന്‍ ബാബര്‍ അസം എടുത്തത്.

കറാച്ചി: പാകിസ്ഥാന്‍ - ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. അവസാന ദിവസത്തെ അവസാന സെഷന്‍ വന്‍ ആവേശമായി മാറിയ ശേഷം വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിര്‍ത്തുകയായിരുന്നു. നാലാം ഇന്നിംഗ്സില്‍ ന്യസിലന്‍ഡിന് 14-15 ഓവറില്‍ 138 റണ്‍സ് എന്ന വിജയലക്ഷ്യം മുന്നോട്ട് വച്ച് പാകിസ്ഥാന്‍ ഡിക്ലയര്‍ ചെയ്തതോടെയാണ് മത്സരത്തിന് ആവേശം കൈവന്നത്. സമനിലയിലേക്ക് നീങ്ങിയ ടെസ്റ്റിന് ജീവന്‍ വയ്ക്കുന്ന തീരുമാനമാണ് പാക് നായകന്‍ ബാബര്‍ അസം എടുത്തത്.

എന്നാല്‍, ന്യൂസിലന്‍ഡ് ഒട്ടും ആവേശം കെടുത്താതെ തകര്‍ത്തടിച്ചതോടെ പാകിസ്ഥാന്‍ പരുങ്ങലിലായി. 7.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കിവികള്‍ 61 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തേണ്ടി വന്നത്. 24 പന്തില്‍ 32 റണ്‍സെടുത്ത് ടോം ലാഥമും 16 പന്തില്‍ 18 റണ്‍സുമായി ഡെവോണ്‍ കോണ്‍വേയുമായിരുന്നു ക്രീസില്‍. മൈക്കല്‍ ബ്രേസ്‍വെല്ലിന്‍റെ കുറ്റിത്തെറിപ്പിച്ച ആദ്യ ഓവറില്‍ അബ്റാന്‍ അഹമ്മദ് കിവികളെ ഞെട്ടിച്ചെങ്കിലും ലാഥമെത്തി അടി തുടങ്ങിയതോടെ പാക് ചിരി പതിയെ മായുകയായിരുന്നു.

നേരത്തെ, ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ പാകിസ്ഥാന്‍ വീണ്ടും മികച്ച ബാറ്റിംഗ് പ്രകടനം തന്നെ പുറത്തെടുത്തു. ഇമാം ഉള്‍ ഹഖ്, സര്‍ഫ്രാസ് അഹമ്മദ്, സൗദ് ഷഖീല്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി കരുത്തില്‍ എട്ട് വിക്കറ്റിന് 311 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ബാബര്‍ അസം അപ്രതീക്ഷിതമായി ഡിക്ലയര്‍ ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചത്. ഇമാം 96 റണ്‍സെടുത്തപ്പോള്‍ ടീമിലേക്കുള്ള തിരിച്ചുവരവില്‍ സര്‍ഫ്രാസ് 53 റണ്‍സ് എടുത്ത് രണ്ടാം ഇന്നിംഗ്സിലും തിളങ്ങി. സൗദ് 55 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ന്യൂസിലന്‍ഡിന് വേണ്ടി ഇഷ് സോദി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബ്രേസ്‍വെല്ലിന് രണ്ട് വിക്കറ്റുകള്‍ ലഭിച്ചു. കെയ്ന്‍ വില്യംസണിന്റെ (200) ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 612 റണ്‍സാണ് ന്യൂസിലന്‍ഡ് നേടിയിരുന്നത്.  ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ 438 റണ്‍സാണ് ആദ്യ ഇന്നിംഗ്‌സില്‍ കുറിച്ചത്. ബാബര്‍ അസമിന് (161) പുറമെ അഗ സല്‍മാനും (103) സെഞ്ചുറി നേടിയിരുന്നു. 

നെറ്റിയില്‍ രണ്ട് മുറിവുകള്‍, കാല്‍മുട്ടിലെ ലിഗമെന്‍റിന് പരിക്ക്; പന്തിന്‍റെ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ

click me!