പാക് ക്രിക്കറ്റ് ബോര്‍ഡിനെ ധിക്കരിച്ചു; ഹഫീസിനെതിരെ നടപടിയുണ്ടായേക്കും

By Web TeamFirst Published Jun 25, 2020, 3:53 PM IST
Highlights

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കാതെ കൊവിഡ് പരിശോധന നടത്തിയ മുഹമ്മദ് ഹഫീസിനെതിരെ നടപടിക്ക് സാധ്യത.

കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കാതെ കൊവിഡ് പരിശോധന നടത്തിയ മുഹമ്മദ് ഹഫീസിനെതിരെ നടപടിക്ക് സാധ്യത. ബോര്‍ഡിനോട് ചോദിക്കാതെയാണ് ഹഫീസ് പരിശോധന നടത്തിയെന്നും ബോര്‍ഡിന്റെ അതൃപ്തി ഹഫീസിനെ അറിയിച്ചു എന്നും പിസിബി സിഇഒ വസീം ഖാന്‍ പറഞ്ഞു.
 
കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ വ്യക്തിപരമായി താരവും കുടുംബവും വീണ്ടും ടെസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ഹഫീസ് ഇന്നലെ വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിനെ പ്രതിരോധിച്ച് വസീം ഖാന്‍ രംഗത്തെത്തി. അദ്ദേഹം പറയുന്നതിങ്ങനെ... ''മറ്റൊരിടത്ത് പരിശോധനക്ക് വിധേയനാവാന്‍ ഒരു വ്യക്തിക്ക് അവകാശമുണ്ട്. എന്നാല്‍, ബോര്‍ഡിനെ അറിയിക്കേണ്ട ഉത്തരവാദിത്തം കാണിക്കണം. ആദ്യം ബോര്‍ഡിനോട് സംസാരിക്കണമായിരുന്നു.''  അദ്ദേഹം വ്യക്തമാക്കി.

ഇതാദ്യമായിട്ടല്ല ഹഫീസ് പിസിബിയെ ധിക്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ കോണ്‍ട്രാക്ടിലുള്ള താരം അല്ലെങ്കിലും പാക് ടീമിലെ താരമെന്ന നിലയില്‍ പിസിബിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഹഫീസിനു ചുമതലയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പരിശോധനഫലം നെഗറ്റീവാണെന്ന് ഹഫീസ് വ്യക്തമാക്കിയിരുന്നു. ഇത് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റാവല്‍പ്പിണ്ടിയില്‍ നടത്തിയ പരിശോധനയിലാണ് പത്തോളം താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഷദാബ് ഖാന്‍, ഹാരിസ് റൗഫ്, ഹൈദര്‍ അലി, ഖര്‍ സമാന്‍, വഹാബ് റിയാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ഹസ്‌നൈന്‍, ഇമ്രാന്‍ ഖാന്‍, കാഷിഫ് ഭട്ടി എന്നിവര്‍ക്കാണ് കൊവിഡ് പോസിറ്റീവ് ആയത്. കൊവിഡ് സ്ഥിരീകരിച്ച എല്ലാ താരങ്ങളോടും ഐസൊലേഷനില്‍ കഴിയാന്‍ പിസിബി നിര്‍ദ്ദേശിച്ചു.

click me!