Latest Videos

സച്ചിന്റെ വിക്കറ്റെടുത്താല്‍ സമ്മാനം; പ്രഗ്യാന്‍ ഓജയ്ക്ക് പിഴച്ചില്ല, സംഭവം വിശദീകരിച്ച് മുന്‍താരം

By Web TeamFirst Published Jun 29, 2020, 12:54 PM IST
Highlights

ആ സീസണിലെ ഒരു രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഓജ ഇപ്പോള്‍. വിസ്ഡണ്‍ ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈദരാബാദ്: കഴിവുണ്ടായിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഒരുപാടൊന്നും അവസരം ലഭിക്കാതെ പോയതാരമാണ് പ്രഗ്യാന്‍ ഓജ. 24 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 113 വിക്കറ്റുകള്‍ ഓജ വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ഡെക്കാണ്‍ ചാര്‍ജേഴ്സ് എന്നിവര്‍ക്കൊപ്പവും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. 2010 ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തി പര്‍പ്പിള്‍ ക്യാപ്പ് പുരസ്‌കാരവും നേടിയിരുന്നു. 2009 ഐപിഎല്ലില്‍ ഡക്കാണ്‍ ചാര്‍ജേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതും ഓജയായിരുന്നു.

ആ സീസണിലെ ഒരു രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഓജ ഇപ്പോള്‍. വിസ്ഡണ്‍ ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓജ വിശദീകരിക്കുന്നതിങ്ങനെ... ''2009ല്‍ ഡര്‍ബനിലാണ് മത്സരം. മുംബൈ ഇന്ത്യന്‍സിനെതിരെയാണ് മത്സരം. ടീം ഉടമ എന്റെ അടുത്തെത്തി. അദ്ദേഹത്തിന് എന്നെ നേരത്തെ അറിയാമായിരുന്നു. പ്രാദേശിക ക്ലബുകള്‍ക്ക് വേണ്ടി കളിക്കുമ്പോഴുള്ള പരിചയമാണത്. അദ്ദേഹം എനിക്കൊരു വാഗ്ദാനം നല്‍കി. സച്ചിന്റെ വിക്കറ്റെടുത്താല്‍ ഒരു വാച്ച് സമ്മാനമായി നല്‍കാമെന്ന്. എനിക്ക് വാച്ചിനോടുള്ള പ്രേമം അദ്ദേഹത്തിനറിയാമായിരുന്നു. അങ്ങനെ സംഭവിക്കുകയും ചെയ്തു. ഞാന്‍ സച്ചിന്റെ വിക്കറ്റ് വീഴ്ത്തി. അദ്ദേഹം വാക്ക് പാലിക്കുകയും ചെയ്തു.'' ഓജ വിശദീകരിച്ചു.

2013ലാണ് അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരമാണ് ഓജയും അവസാനമായി കളിച്ചത്. മുംബൈയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റ് വീഴ്ത്തി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും താരം നേടിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.

click me!