വീണ്ടും സഞ്ജു, ക്യാപ്റ്റന്‍ കൂള്‍; ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഇന്ത്യക്ക് പരമ്പര

By Jomit JoseFirst Published Sep 25, 2022, 4:05 PM IST
Highlights

മറുപടി ബാറ്റിംഗില്‍ വിസ്‌മയ തുടക്കമാണ് ഓപ്പണര്‍മാരായ പൃഥ്വി ഷായും റുതുരാജ് ഗെയ്‌ക്‌വാദും ഇന്ത്യക്ക് നല്‍കിയത്

ചെന്നൈ: ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റ് ജയവുമായി ഇന്ത്യ എയ്‌ക്ക് പരമ്പര. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് എ 219 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 34 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ജയത്തിലെത്തി. സഞ്ജു സാംസണ്‍ 35 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പടെ 37 റണ്‍സെടുത്ത് പുറത്തായി. സഞ്ജുവാണ് ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറുകാരന്‍. 77 റണ്‍സുമായി പൃഥ്വി ഷാ ബാറ്റിംഗിലും ഹാട്രിക്കടക്കം 4 വിക്കറ്റുമായി കുല്‍ദീപ് യാദവ് ബൗളിംഗിലും തിളങ്ങി. ചൊവ്വാഴ്‌ച നടക്കുന്ന മൂന്നാം ഏകദിനം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. സ്കോര്‍: ന്യൂസിലന്‍ഡ്- 219(47), ഇന്ത്യ 222-6(34.0).

മറുപടി ബാറ്റിംഗില്‍ വിസ്‌മയ തുടക്കമാണ് ഓപ്പണര്‍മാരായ പൃഥ്വി ഷായും റുതുരാജ് ഗെയ്‌ക്‌വാദും ഇന്ത്യക്ക് നല്‍കിയത്. ടീം സ്കോര്‍ 82ല്‍ നില്‍ക്കേ റുതുരാജ് പുറത്തായി. 34 പന്തില്‍ 30 റണ്‍സ് താരം നേടി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രജത് പടിദാറിനെ കൂട്ടുപിടിച്ച് ടീമിനെ മുന്നോട്ടുനയിച്ച ഷാ അര്‍ധസെഞ്ചുറി നേടി. പടിദാര്‍ 17 പന്തില്‍ 20 ഉം തിലക് വര്‍മ ഗോള്‍ഡന്‍ ഡക്കായും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതൊന്നും ഇന്ത്യന്‍ സ്കോറിംഗിനെ തെല്ല് ബാധിച്ചില്ല. 48 പന്ത് നീണ്ട ഇന്നിംഗ്‌സില്‍ 11 ഫോറും മൂന്ന് സിക്‌സും സഹിതം ഷാ 77 റണ്‍സെടുത്തു. 

ആദ്യ ഏകദിനത്തിലെ മികവ് തുടര്‍ന്ന സഞ്ജു സാംസണ്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയെങ്കിലും 35 പന്തില്‍ 37 റണ്‍സെടുത്ത് നില്‍ക്കേ വാന്‍ ബീക്കിന്‍റെ പന്തില്‍ പുറത്തായി. തൊട്ടുപിന്നാലെ രജന്‍ഗാഡ് ബാവയും(0) മടങ്ങി. എങ്കിലും റിഷി ധവാനും(43 പന്തില്‍ 22*), ഷര്‍ദ്ദുല്‍ ഠാക്കൂറും(25 പന്തില്‍ 25*) ഇന്ത്യയെ 34 ഓവറില്‍ വിജയത്തിലെത്തിച്ചു. ആദ്യ ഏകദിനത്തില്‍ സഞ്ജു 32 പന്തില്‍ പുറത്താവാതെ 29* റണ്‍സുമായി ക്യാപ്റ്റന്‍റെ മാച്ച് വിന്നിംഗ്‌ ഇന്നിംഗ്‌സ് പുറത്തെടുത്തിരുന്നു. 

കുല്‍ദീപ് യാദവിന് ഹാട്രിക്

നേരത്തെ ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് എയെ ഹാട്രിക്കടക്കം നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് തകര്‍ത്തത്. ജോ കാര്‍ട്ടര്‍ (72), രചിന്‍ രവീന്ദ്ര (61) എന്നിവരാണ് ന്യൂസിലന്‍ഡിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തവര്‍. ചാഡ് ബൗസ്(15), ഡെയ്‌ന്‍ ക്ലീവര്‍(6), ക്യാപ്റ്റന്‍ റോബര്‍ട്ട് ഒ ഡോണില്‍(0), ടോം ബ്രൂസ്(10), സീന്‍ സോളിയ(28), മിച്ചല്‍ റിപ്പണ്‍(10), ലോഗന്‍ വാന്‍ ബീക്ക്(4), ജോ വോക്കര്‍(0), ജേക്കബ് ഡഫ്ഫി(0*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. 47-ാം ഓവറില്‍ വാന്‍ ബീക്ക്, വോക്കര്‍, ഡഫ്ഫി എന്നിവരെ പുറത്താക്കിയായിരുന്നു കുല്‍ദീപിന്‍റെ ഹാട്രിക്. റിഷി ധവാന്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ടും ഉമ്രാന്‍ മാലിക്, രജന്‍ഗാഡ് ബാവ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

ഇന്ത്യന്‍ ക്രിക്കറ്റിലെ ഫാന്‍ ഹീറോയായി സഞ്ജു സാംസണ്‍! വീണ്ടും ചെപ്പോക്കിനെ നടുക്കി വരവേല്‍പ്- വീഡിയോ

click me!