
മുംബൈ: 2018ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ താരമാണ് പൃഥ്വി ഷാ. സെഞ്ചുറിയോടെയാണ് പൃഥ്വി അരങ്ങേറ്റം നടത്തിയത്. പിന്നീട് നാല് ടെസ്റ്റുകള്‍ കൂടി 23കാരന്‍ കൡച്ചു. 42.38 ശരാശരിയില്‍ 339 റണ്‍സാണ് പൃഥ്വി നേടിയത്. വിന്‍ഡീസിനെതിരെ അരങ്ങേറ്റത്തില്‍ നേടിയ 134 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 2020ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് പൃഥ്വി അവസാന ടെസ്റ്റ് കളിച്ചത്. 2021 ജൂലൈ 25നാണ് അവസാന അന്തരാഷ്ട്ര മത്സരം പൃഥ്വി കൡച്ചത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരമായിരുന്നത്. പിന്നീട് രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാന്‍ പൃഥ്വിക്ക് സാധിച്ചിട്ടില്ല.
താരത്തെ പുറത്താക്കാനുണ്ടായ കാരണം ഫിറ്റ്‌നെസാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതില്‍ നിരാശയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വി. 23കാരന്റെ വാക്കുകള്‍... ''എന്ത് കാരണത്താലാണ് ഞാന്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതെന്ന് എനിക്കറിയില്ല. ഫിറ്റ്‌നെസ് ഇല്ലായ്മയാണ് കാരണമെന്ന് പലരും പറയുന്നത് കേട്ടു. എന്നാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഞാന്‍ കായികക്ഷമത വീണ്ടെടുത്തു. എല്ലാ ടെസ്റ്റുകളും പാസായി. വീണ്ടും ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കളിക്കാനുള്ള അവസരം ലഭിച്ചില്ല. കരിയറിനെ കുറിച്ചോര്‍ക്കുമ്പോള്‍ നിരാശ മാത്രമാണുള്ളത്. എന്നാല്‍ തിരിച്ചുവന്നേ പറ്റൂ.'' പൃഥ്വി പറഞ്ഞു.
നിലവില്‍ ഒറ്റയ്ക്ക് നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും പൃഥ്വി പറഞ്ഞു. ''എനിക്കിപ്പോള്‍ സുഹൃത്തുക്കളില്ല. ഞാന്‍ പുറത്തിറങ്ങിയാല്‍ ആളുകളില്‍ നിന്ന് മോശം പെരുമാറ്റമുണ്ടാവുന്നു. അവരത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കും. അതുകൊണ്ടുതന്നെ പുറത്തിറങ്ങാതിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ പോലും ഞാന്‍ തനിച്ചാണ് പോകുന്നത്. ഒറ്റയ്ക്കിരിക്കാനാണ് ഞാനെപ്പോഴും ആഗ്രഹിക്കുന്നത്. അതെനിക്ക് ആസ്വദിക്കാന്‍ കഴിയുന്നു. മറ്റുള്ളവര്‍ പലതും എന്നെ കുറിച്ച് പറയുന്നു. എന്നാല്‍ അറിയുന്നവര്‍ക്ക് എന്നെ മനസിലാവും. വളരെ ചുരുക്കം സുഹൃത്തുക്കളെ എനിക്കുള്ളൂ. അവരോട് പോലും ഞാന്‍ എല്ലാം കാര്യങ്ങളും പങ്കിടാറില്ല. പേടിയാണ്.'' പൃഥ്വി പറഞ്ഞുനിര്‍ത്തി.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കും പൃഥ്വിയെ പരിഗണിച്ചിട്ടില്ല. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലും പൃഥ്വിക്ക് സ്ഥാനമുണ്ടായിരുന്നില്ല.