പൃഥ്വി 2.0: ഇരട്ട സെഞ്ചുറിയുമായി തിരിച്ചുവരവ്; വീണ്ടും ടെസ്റ്റ് ടീമിലേക്കെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Dec 11, 2019, 7:08 PM IST
Highlights

രഞ്ജി ട്രോഫിയിൽ ഇന്ന് പൃഥ്വി ബറോഡയ്‌ക്കെതിരെ ഇരട്ടസെഞ്ചുറി നേടിയിരുന്നു. രഞ്ജി ചരിത്രത്തിലെ വേഗതയേറിയ മൂന്നാമത്തെ ഡബിള്‍ സെഞ്ചുറിയാണിത്.

മുംബൈ: കൗമാര വിസ്‌മയം പൃഥ്വി ഷായെ ഇന്ത്യന്‍ ടെസ്റ്റ് ടീമിൽ വീണ്ടും ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ പൃഥ്വിയെ മൂന്നാം ഓപ്പണറാക്കാനാണ് ടീം ഇന്ത്യയുടെ ആലോചന. രഞ്ജി ട്രോഫിയിൽ ഇന്ന് പൃഥ്വി ബറോഡയ്‌ക്കെതിരെ ഇരട്ടസെഞ്ചുറി നേടിയിരുന്നു.

പരിക്കും ഉത്തേജകമരുന്ന് ഉപയോഗം കാരണമുളള വിലക്കും മൂലം ഷാ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം ടീമിന്‍റെ ഭാഗമായിട്ടില്ല. രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും ആണ് സ്ഥിരം ഓപ്പണര്‍മാര്‍. സീനിയര്‍ ടീമിന്‍റെ പര്യടനത്തിന് മുന്‍പ് എ ടീമിന്‍റെ ന്യൂസിലന്‍ഡ് പര്യടനത്തിലും പൃഥ്വി കളിക്കും.

രഞ്ജിയില്‍ ബറോഡക്കെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ 174 പന്തിലാണ് ഷാ 200 തികച്ചത്. രഞ്ജി ട്രോഫി ചരിത്രത്തിലെ വേഗതയേറിയ മൂന്നാമത്തെ ഡബിള്‍ സെഞ്ചുറിയാണിത്. മുംബൈ 533 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ ഷാ 222 റണ്‍സെടുത്തു. ആദ്യ ഇന്നിംഗ്‌സില്‍ 62 പന്തില്‍ 66 റണ്‍സെടുത്ത് താരം മടങ്ങിയിരുന്നു. വിലക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ അടുത്തിടെ മുഷ്‌താഖ് അലി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു പൃഥ്വി. 

ടെസ്റ്റ് കരിയറില്‍ വിസ്‌മയ അരങ്ങേറ്റം നടത്തിയ താരമാണ് പൃഥ്വി ഷാ. അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയാണ് അന്ന് 19കാരന്‍ വരവറിയിച്ചത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടത്തില്‍ അന്ന് ഷായെത്തി. രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ചുറിയുമായും തിളങ്ങി. എന്നാല്‍ ഓസീസ് ഇലവനെതിരെ പരിശീലന മത്സരത്തില്‍ പരിക്കേറ്റ് പരമ്പര നഷ്ടമായ താരം പിന്നാലെ ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിക്കപ്പെടുകയായിരുന്നു. 

click me!