കൊവിഡ് വ്യാപനത്തിന്റെ അപകടം മനസിലാക്കണം; വീട്ടിലിരിക്കാന്‍ ഉപദേശിച്ച് പൂജാര

By Web TeamFirst Published Apr 8, 2020, 10:14 AM IST
Highlights

കായിക മത്സരങ്ങളെക്കാള്‍ കൂടുതല്‍ മനുഷ്യ ജീവനാണ്  പ്രാധാന്യം നല്‍കേണ്ടതെന്ന് ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാര. ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കുകയാണ് വേണ്ടെന്നും പൂജാര നിര്‍ദേശിച്ചു. 
 

രാജ്‌കോട്ട്: കായിക മത്സരങ്ങളെക്കാള്‍ കൂടുതല്‍ മനുഷ്യ ജീവനാണ്  പ്രാധാന്യം നല്‍കേണ്ടതെന്ന് ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാര. ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കുകയാണ് വേണ്ടെന്നും പൂജാര നിര്‍ദേശിച്ചു. 

അദ്ദേഹം തുടര്‍ന്നു... ''എല്ലാവരും കൊവിഡ് വ്യാപനത്തിന്റെ അപകടം മനസിലാക്കണം. നിങ്ങള്‍ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടുക. മടുപ്പുണ്ടാക്കുമെന്നറിയാം. എന്നാല്‍ ഒരു വലിയ വിപത്തിനെതിരായ യുദ്ധത്തിലാണ്. ഒരു ക്രിക്കറ്ററെന്ന നിലയ്ക്ക് എനിക്ക് മടുപ്പിനെ അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 

മഹാമാരി വ്യാപിക്കുന്നതിന് മുന്‍പ് രാജ്യത്തെ ക്രിക്കറ്റ് സീസണ്‍ അവസാനിപ്പിക്കാന്‍ സാധിച്ചുവെന്നത് വലിയ കാര്യമാണ്. കൃത്യസമയത്താണ് ഇടവേള ലഭിച്ചത്. രഞ്ജി ട്രോഫിക്ക് ശേഷം ഞാന്‍ കരുതിയിരുന്നു, ഒന്നോ രണ്ടോ ആഴ്ച വിശ്രമമെടുക്കണമെന്ന്. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ സമയം ലഭിക്കുന്നുണ്ട്. 

ക്രിക്കറ്റ് പരിശീലനം എന്ന് ആരംഭിക്കുമെന്ന് ഉറപ്പ് പറയാനായിട്ടില്ല. എന്നാല്‍ മറ്റുള്ളവര്‍ അനുഭവിക്കുന്ന കഷ്ടപ്പാട് കാണുമ്പോള്‍ മത്സരങ്ങളെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകുന്നില്ല.'' പൂജാര പറഞ്ഞുനിര്‍ത്തി.

click me!