
അഹമ്മദാബാദ്: ന്യൂസിലന്‍ഡ് ജേഴ്‌സിയില്‍ 13-ാം ഏകദിനം മാത്രമാണ് രചിന്‍ രവീന്ദ്ര കളിക്കുന്നത്. 23കാരന്റെ ആദ്യ ലോകകപ്പ് കൂടിയാണിത്. അരങ്ങേറ്റ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടാന്‍ രവീന്ദ്രയ്ക്കായി. മൂന്നാമനായി ക്രീസിലെത്തിയ താരം 96 പന്തില്‍ പുറത്താവതെ 123 റണ്‍സാണ് രവീന്ദ്ര അടിച്ചെടുത്തത്. അഞ്ച് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രവീന്ദ്രയുടെ ഇന്നിംഗ്‌സ്. ഇന്ത്യന്‍ വംശജനായ രവീന്ദ്രയുടെ കരിയറിലെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്. ഇതോടെ ഒരു റെക്കോര്‍ഡ് പട്ടികയിലും താരം ഇടം നേടി.
ഏകദിന ലോകകപ്പിലെ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്ത താരമാണ് രവീന്ദ്ര. ഇന്ന് സെഞ്ചുറി നേടുമ്പോള്‍ 23 വര്‍ഷവും 321 ദിവസവുമാണ് താരത്തിന്റെ പ്രായം. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഒന്നാമന്‍. 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ കോലി സെഞ്ചുറി നേടുമ്പോള്‍ 22 വര്‍ഷവും 106 ദിവസമായിരുന്നു കോലിയുടെ പ്രായം. 1992 ലോകകപ്പില്‍ സെഞ്ചുറി നേടിയ മുന്‍ സിംബാബ്‌വെ താരം ആന്‍ഡി ഫ്‌ളവര്‍ (23 വര്‍ഷവും 301 ദിവസവും) രണ്ടാം സ്ഥാനത്തുണ്ട്.
മുന്‍ ന്യൂസിലന്‍ഡ് താരം നതാന്‍ ആസ്റ്റില്‍ (24 വര്‍ഷം, 152 ദിവസം) നാലാമത്. 1996 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയാണ് താരം സെഞ്ചുറി നേടിയത്. അഞ്ചാന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറാണ്. 2015 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെയാണ് താരം സെഞ്ചുറി നേടിയത്. അന്ന് 25 വയസും 250 ദിവസവും പ്രായമുണ്ടായിരുന്നു മില്ലര്‍ക്ക്.
ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കിവീസ് 36.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രചിന് പുറെ ഡെവോണ്‍ കോണ്‍വെ (152) സെഞ്ചുറിയുമായി പുറത്താവാതെ നിന്നു. ഇരുവരും 273 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്.