സമ്മര്‍ദ്ദമുണ്ടെന്ന് സഞ്ജു, കൂടെ പ്രതീക്ഷകളും! രാജസ്ഥാന്‍ റോയല്‍സുമായുള്ള വൈകാരിക അടുപ്പം വ്യക്തമാക്കി നായകന്‍

By Web TeamFirst Published Mar 28, 2023, 3:06 PM IST
Highlights

ഏപ്രില്‍ രണ്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. പുതിയ സീസണിന് ഒരുങ്ങുമ്പോള്‍ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു.

ജയ്പൂര്‍: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ അപ്രതീക്ഷിത പ്രകടനം നടത്തിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. മലയാളി താരം സഞ്ജു സാംസണിന്റെ കീഴില്‍ ഇറങ്ങിയ ടീം ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടു. പ്ലേ ഓഫ് പോലും കാണില്ലെന്ന് കരുതിയിടത്ത് നിന്ന് ടീം ഫൈനല്‍ വരെയെത്തി. സഞ്ജുവിന് പുറമെ, ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍ തുടങ്ങിയവരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഏപ്രില്‍ രണ്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. പുതിയ സീസണിന് ഒരുങ്ങുമ്പോള്‍ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു.

കഴിഞ്ഞ തവണ അപ്രതീക്ഷിത പ്രകടനം പുറത്തെടുത്തതുകൊണ്ടുതന്നെ സമ്മര്‍ദ്ദമുണ്ടെന്നാണ് സഞ്ജു വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''എനിക്ക് 18 വയസുള്ളപ്പോള്‍ ഞാന്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുണ്ട്. റോയല്‍സ് എന്റെ ടീമാണ്. ഇപ്പോഴെനിക്ക് 28 വയസ്  പൂകര്‍ത്തിയായി. ഇതുവരേയുള്ള യാത്ര നന്നായി ആസ്വദിച്ചു. 10 വര്‍ഷങ്ങള്‍ വെല്ലുവിളി നിറഞ്ഞതും ആവേശമുണര്‍ത്തുന്നതുമായിരുന്നു. ടീം എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഫൈനലിലെത്തിയ ടീമാണ് രാജസ്ഥാന്‍. അത്തരമൊരു പ്രകടനം ആരാധകരും വീണ്ടും ആഗ്രഹിക്കുന്നുണ്ടാവാം. ആ പ്രകടനത്തിന് ഒപ്പമെത്തുകയെന്നത് സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യമാണ്. ഫൈനലിലെത്തിയതിന് പിന്നില്‍ ടീമിന്റെ കൂട്ടായ ശ്രമമുണ്ടായിരുന്നു. അതുപോലൊരു പ്രകടനം പുറത്തെടുക്കാനാണ് വീണ്ടും ശ്രമിക്കുക. കഴിഞ്ഞ സീസണിലെ പ്രകടനത്തിനൊപ്പമോ അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ചതോ ആയ പ്രകടനം പുറത്തെടുക്കുകയല്ലാതെ വേറെ വഴിയില്ല.'' സഞ്ജു പറഞ്ഞു. 

ടീം ഡയറക്റ്ററും പ്രധാന കോച്ചുമായ കുമാര്‍ സംഗക്കാരയെ കുറിച്ചും സഞ്ജു വാചാലനായി. ''സംഗക്കാര ഇതിഹാസമാണെന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിനെ പോലൊരു വ്യക്തിയ കോച്ചായി ലഭിക്കുന്നത് ഭാഗ്യമാണ്. ടീമിന്റെ നേട്ടത്തിനു വേണ്ടി മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത്. വ്യത്യസ്ത തന്ത്രങ്ങള്‍ അദ്ദേഹം ആസൂത്രണം ചെയ്യുന്നു. ഡ്രസിംഗ് റൂമിലും ഗ്രൗണ്ടിലും അദ്ദേഹം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. സംഗക്കാരയുടെ വിശാലമായ പരിചയസമ്പത്ത് സ്വയം മെച്ചപ്പെടുത്താനുള്ള അവസരം കൂടിയാണ് നല്‍കുന്നത്.'' സഞ്ജു പറഞ്ഞു നിര്‍ത്തി.

രാജസ്ഥാന്‍ റോയല്‍സ് ടീം: സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ജോ റൂട്ട്, ദേവ്ദത്ത് പടിക്കല്‍, ജോസ് ബട്ട്ലര്‍, ധ്രുവ് ജുറല്‍, റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, ഒബേദ് മക്കോയ്, നവ്ദീപ് സൈനി, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, കെ സി കരിയപ്പ, ജേസണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര, കുനാല്‍ റാത്തോഡ്, ആഡം സാമ്പ, കെ എം ആസിഫ്, മുരുകന്‍ അശ്വിന്‍, ആകാശ് വസിഷ്ത്, പി എ അബ്ദുള്‍ ബാസിത്.

രോഹിത് നോക്കിവെച്ചോ, അവന്‍ ഇന്ത്യക്കായി കളിക്കാന്‍ തയാര്‍; യുവതാരത്തെക്കുറിച്ച് ഗാംഗുലി

click me!