Latest Videos

തകർന്നടിഞ്ഞു, പിന്നെ തകർത്തടിച്ചു; അവസാനം വീണ്ടും കൂട്ടത്തകർച്ച; മുംബൈക്കെതിരെ രാജസ്ഥാന് 180 റൺസ് വിജയലക്ഷ്യം

By Web TeamFirst Published Apr 22, 2024, 9:27 PM IST
Highlights

രാജസ്ഥാനു വേണ്ടി സന്ദീപ് ശര്‍മ അവസാന ഓവറിലെ മൂന്ന് വിക്കറ്റ് അടക്കം നാലോവറില്‍ 18 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ട്രെന്‍റ് ബോൾട്ട് രണ്ട് വിക്കറ്റ് എടുത്തു.

ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. 45 പന്തില്‍ 65 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്കോറര്‍. നെഹാല്‍ വധേര 24 പന്തില്‍ 49 റണ്‍സെടുത്തു. രാജസ്ഥാനു വേണ്ടി സന്ദീപ് ശര്‍മ അവസാന ഓവറിലെ മൂന്ന് വിക്കറ്റ് അടക്കം നാലോവറില്‍ 18 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ട്രെന്‍റ് ബോൾട്ട് രണ്ട് വിക്കറ്റ് എടുത്തു. ഒരു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹല്‍ ഐപിഎല്‍ ചരിത്രത്തില്‍ 200 വിക്കറ്റ് തികക്കുന്ന ആദ്യ ബൗളറായി.

തകര്‍ന്നു തുടങ്ങി പിന്നെ തകര്‍ത്തടിച്ചു

ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ മുംബൈക്ക് ആഗ്രഹിച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ ഓവറിലെ അവസാന പന്തില്‍ മിന്നും ഫോമിലുള്ള രോഹിത് ശര്‍മയെ(6) ട്രെന്‍റ് ബോള്‍ട്ടിന്‍റെ പന്തില്‍ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ പറന്നു പിടിച്ചു. രണ്ടാം ഓവറില്‍ ഇഷാന്‍ കിഷനെ(0) സന്ദീപ് ശര്‍മ വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്‍റെ കൈകളിലെത്തിച്ചതോടെ മുംബൈ ഞെട്ടി. സൂര്യകുമാര്‍ യാദവ്(10) ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും സന്ദീപ് ശര്‍മയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ റൊവ്മാന്‍ പവല്‍ പിടികൂടിയതോടെ മുംബൈ 20-3ലേക്ക് കൂപ്പുകുത്തി.

ഐപിഎല്ലില്‍ റിഷഭ് പന്തിനും ഡല്‍ഹി ക്യാപിറ്റല്‍സിനും ഇരുട്ടടി; ഓസീസ് സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

പിന്നീട് എത്തിയത് മുഹമ്മദ് നബിയായിരുന്നു. ആവേശ് ഖാന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ നബി 17 റണ്‍സടിച്ച് മുംബൈക്ക് ആശ്വസിക്കാന്‍ വക നല്‍കി.പവര്‍ പ്ലേ പിന്നിടുമ്പോള്‍ മുംബൈ 45 റണ്‍സിലെത്തി. മുംബൈ സ്കോര്‍50 കടന്നതിന് പിന്നാലെ മുഹമ്മദ് നബിയെ(23) സ്വന്തം ബൗളിംഗില്‍ പിടികൂടി യുസ്‌വേന്ദ്ര ചാഹല്‍ 200 വിക്കറ്റ് തികച്ചതോടെ മുംബൈ കൂട്ടത്തകര്‍ച്ചയിലായി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ നെഹാല്‍ വധേരയും-തിലക് വര്‍മയും ചേര്‍ന്ന് 99 റണ്‍സ് കൂട്ടുകെട്ടിലൂടെ മുംബൈയെ കരകയറ്റി. തകര്‍ത്തടിച്ച വധേര 24 പന്തില്‍ മൂന്ന് ഫോറും നാലു സിക്സും പറത്തി 49 റണ്‍സടിച്ചു. പതിനാറാം ഓവറില്‍ മുംബൈ സ്കോര്‍ 150 കടന്നതിന് പിന്നാലെ വധേരയെ വീഴ്ത്തി ട്രെന്‍റ് ബോള്‍ട്ട് ആണ് ബ്രേക്ക് ത്രൂ നല്‍കിയത്.

THE FIRST BOWLER IN IPL HISTORY TO PICK 200 WICKETS. 💥

- An emotional celebration from Yuzi Chahal. ❤️pic.twitter.com/FzkPC0WvrL

— Mufaddal Vohra (@mufaddal_vohra)

ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(10) നിരാശപ്പെടുത്തിയപ്പോള്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ തിലക് വര്‍മയെ(44 പന്തില്‍ 65)യും അടുത്ത പന്തില്‍ ജെറാള്‍ഡ് കോയെ്റ്റ്സെയെയും(0), ടിം ഡേവിഡിനെയും(3) പുറത്താക്കി സന്ദീപ് ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ 200 കടക്കുമെന്ന് കരുതിയ മുംബൈ 179ല്‍ ഒതുങ്ങി. അവസാന രണ്ടോവറില്‍ 9 റണ്‍സ് മാത്രമാണ് മുംബൈ നേടിയത്.  രാജസ്ഥാനുവേണ്ടി സന്ദീപ് ശര്‍മ 18 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രെന്‍റ് ബോള്‍ട്ട് 32 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!