രാജസ്ഥാന്‍ ആവശ്യപ്പെടുന്നത് ചെന്നൈയുടെ രണ്ട് താരങ്ങളെ, സഞ്ജുവിന്‍റെ കൂടുമാറ്റത്തിന് പുതിയ കടമ്പ

Published : Aug 08, 2025, 09:49 AM IST
Sanju Samson and MS Dhoni

Synopsis

എന്നാല്‍ ടീം വിടാന്‍ സഞ്ജു താല്‍പര്യം അറിയിച്ചതോടെ രാജസ്ഥാന് മുന്നില്‍ രണ്ട് വഴികളാണുള്ളത്. താല്‍പര്യമുള്ള ടീമുകളുമായി പരസ്പര ധാരണപ്രകാരമുള്ള കളിക്കാരെ വെച്ചുമാറലോ, സഞ്ജുവിനെ ലേലത്തില്‍ വിടുകയോ ചെയ്യുക എന്നതാണത്.

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ വിട്ടുകൊടുക്കണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ രണ്ട് താരങ്ങളെ ട്രേഡിലൂടെ കൈമാറണമെന്ന് രാജസ്ഥാന്‍ റോയല്‍സ് ഉപാധിവെച്ചതായി റിപ്പോര്‍ട്ട്. ചെന്നൈയുടെ ഏതൊക്കെ താരങ്ങളെയാണ് രാജസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഐപിഎല്‍ സീസണ് മുമ്പ് 18 കോടിക്ക് സഞ്ജുവിനെ അടുത്ത മൂന്ന് സീസണിലേക്ക് നിലനിര്‍ത്തിയ രാജസ്ഥാന് അടുത്ത രണ്ട് സീസണുകളില്‍ കൂടി മലയാളി താരത്തെ ടീമില്‍ കളിപ്പിക്കാം.

എന്നാല്‍ ടീം വിടാന്‍ സഞ്ജു താല്‍പര്യം അറിയിച്ചതോടെ രാജസ്ഥാന് മുന്നില്‍ രണ്ട് വഴികളാണുള്ളത്. താല്‍പര്യമുള്ള ടീമുകളുമായി പരസ്പര ധാരണപ്രകാരമുള്ള കളിക്കാരെ വെച്ചുമാറലോ, സഞ്ജുവിനെ ലേലത്തില്‍ വിടുകയോ ചെയ്യുക എന്നതാണത്. ഇതില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സഞ്ജുവിനെ ട്രേഡ് ചെയ്യുന്നതിന് താല്‍പര്യം അറിയിച്ചെങ്കിലും സഞ്ജുവിന് പകരമായി ചെന്നൈയുടെ രണ്ട് താരങ്ങളെയാണ് രാജസ്ഥാന്‍ ആവശ്യപ്പെടുന്നത്. സഞ്ജുവിനെ കൈമാറാനോ ലേലത്തില്‍ വിടാനോ രാജസ്ഥാന്‍ തയാറായില്ലെങ്കില്‍ തുടര്‍ന്നുള്ള രണ്ട് സീസണുകളിലും സഞ്ജുവിന് രാജസ്ഥാനില്‍ തന്നെ കളിക്കേണ്ടിവരും. കരാര്‍ തീരും മുമ്പ് ഒരു കളിക്കാരന്‍ ടീം വിടാന്‍ ആഗ്രഹിച്ചാലും ടീമിന്‍റെ നിലപാടിന് അനുസരിച്ചാകും തീരുമാനം.

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ അവസാനിച്ചതിന് പിന്നാലെ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകനായ സ്റ്റീഫൻ ഫ്ലെമിംഗുമായി അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റിനിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജസ്ഥാനില്‍ നിന്ന് ഇതിന് മുമ്പും ചെന്നൈ സൂപ്പര്‍ കിംഗ്സ് പരസ്പര ധാരണപ്രകാരം കളിക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. റോബിന്‍ ഉത്തപ്പ 2021ല്‍ ഇത്തരത്തിലാണ് രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലെത്തിയത്. പക്ഷെ അത് പൂര്‍ണമായി പണം കൈമാറ്റത്തിലൂടെയായിരുന്നു. എന്നാല്‍ സഞ്ജുവിന്‍റെ കാര്യത്തില്‍ രാജസ്ഥാന്‍ എന്ത് തീരുമാനം എടുക്കുമെന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പരിക്കുമൂലം സഞ്ജുവിന് നിരവധി മത്സരങ്ങള്‍ നഷ്ടമായപ്പോള്‍ പകരമെത്തിയ പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷി യശസ്വി ജയ്സ്വാളിനൊപ്പം മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കുകയും ധ്രുവ് ജുറെലിനെ അടുത്ത വിക്കറ്റ് കീപ്പറായി ടീം വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് സഞ്ജു കൂടുമാറ്റത്തിന് തയാറെടുക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര