രഞ്ജി ട്രോഫി: ഡബിള്‍ സെഞ്ചുറിയടിച്ച് മായങ്ക്; കേരളത്തിനെതിരെ കര്‍ണാടക മികച്ച ലീഡിലേക്ക്

By Web TeamFirst Published Jan 19, 2023, 5:08 PM IST
Highlights

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന കര്‍ണാടകയെ വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദത്തിലാക്കാമെന്ന കേരളത്തിന്‍റെ തന്ത്ര മൂന്നാം ദിനം വിലപ്പോയില്ല. മായങ്കിനൊപ്പം നിഖിന്‍ ജോസ് പിടിച്ചു നിന്നതോടെ കര്‍ണാടക സുരക്ഷിത സ്കോറിലേക്ക് നീങ്ങി.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കര്‍ണാടക മികച്ച നിലയില്‍. കേരളത്തിന്‍റെ ഒന്നാം ഇന്നിം സ്കോറായ 342 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കര്‍ണാടക ആറ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെടുത്തിട്ടുണ്ട്. 47 റണ്‍സുമായി ബി ആര്‍ ശരത്തും എട്ട് റണ്‍സോടെ ശുഭാങ് ഹെഡ്ഡെയും ക്രീസില്‍.  നാലു വിക്കറ്റ് കൈയിലിരിക്കെ കര്‍ണാടകക്ക് ഇപ്പോള്‍ 68 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. ഡബിള്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍, അര്‍ധസെഞ്ചുറി നേടിയ നിഖിന്‍ ജോസ്, മനീഷ് പാണ്ഡെ, ശ്രേയസ് ഗോപാല്‍ എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം കര്‍ണാടകക്ക് നഷ്ടമായത്.

മായങ്കിലൂടെ ലീഡ് പിടിച്ച് കര്‍ണാടക

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന കര്‍ണാടകയെ വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദത്തിലാക്കാമെന്ന കേരളത്തിന്‍റെ തന്ത്ര മൂന്നാം ദിനം വിലപ്പോയില്ല. മായങ്കിനൊപ്പം നിഖിന്‍ ജോസ് പിടിച്ചു നിന്നതോടെ കര്‍ണാടക സുരക്ഷിത സ്കോറിലേക്ക് നീങ്ങി. നാലാം വിക്കറ്റില്‍ മായങ്കും നിഖിന്‍ ജോസും ചേര്‍ന്ന് 142 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ കേരളത്തിന്‍റെ പിടി അയഞ്ഞു. 91 റണ്‍സില്‍ ഒത്തുചേര്‍ന്ന ഇരുവരും 242 റണ്‍സിലാണ് വേര്‍പിരിഞ്ഞത്.

അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ നിഖിന്‍ ജോസിനെ(54) പുറത്താക്കി അക്ഷയ് ചന്ദ്രനാണ് കേരളത്തിന് മൂന്നാം ദിനത്തിലെ ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തൊട്ടു പിന്നാലെ നേരിട്ട ആദ്യ പന്തില്‍ മനീഷ് പാണ്ഡെയെ ജലജ് സക്സേന പുറത്താക്കിയതോടെ കേരളത്തിന് പ്രതീക്ഷയായി. എന്നാല്‍ മായങ്കിനൊപ്പം ശ്രേയസ് ഗോപാല്‍(48) പിടിച്ചു നിന്നതോടെ കേരളത്തിന്‍റെ പ്രതീക്ഷ മങ്ങി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍  93 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് പിരിഞ്ഞത്. ഡബിള്‍ സെഞ്ചുറിക്ക് പിന്നാലെ മായങ്കിനെ(208) വൈശാഖ് ചന്ദ്രന്‍ പുറത്താക്കിയെങ്കിലും അപ്പോഴേക്കും കര്‍ണാടക കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് തൊട്ട് അടുത്തെത്തിയിരുന്നു.

രഞ്ജി ട്രോഫി: 74 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 54ന് ഓള്‍ ഔട്ട്, വിദര്‍ഭക്ക് റെക്കോര്‍ഡ്

മായങ്ക് പുറത്തായതിന് പിന്നാലെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കര്‍മാടകയെ ശ്രേയസ് ഗോപാലും ശരത്തും ചേര്‍ന്ന് മുന്നോട്ട് നയിച്ചു. 48 റണ്‍സെടുത്ത ശ്രേയസ് ഗോപാലിനെ ജലജ് സക്സേന മടക്കിയെങ്കിലും ശരത്തും ശുഭാങ് ഹെഡ്ഡെയും പിടിച്ചു നിന്നു. ഇതോടെ കര്‍ണാടക അനായാസം 400 കടന്നു. സ്പിന്നര്‍മാരെ തുണക്കുമെന്ന് കരുതിയ തുമ്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടിലെ പിച്ചില്‍ നിന്ന് കേരള സ്പിന്നര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിച്ചില്ല. കേരളത്തിനായി ജലജ് സക്സേനയും വൈശാഖ് ചന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നിധീഷും അക്ഷയ് ചന്ദ്രനും ഓരോ വിക്കറ്റെടുത്തു.

അഞ്ച് കളികളില്‍ മൂന്ന് ജയവും രണ്ട് സമനിലയുമുള്ള കര്‍ണാടകയാണ് 26 പോയന്‍റുമായി കേരളത്തിന്‍റെ ഗ്രൂപ്പില്‍ മുന്നില്‍. അഞ്ച് കളികളില്‍ മൂന്ന് ജയവും ഒറു തോല്‍വിയും ഒരു സമനിലയുമുള്ള കേരളം 19 പോയന്‍റുമായി കര്‍ണാടകക്ക് പിന്നിലാണ്. നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാന്‍ കര്‍ണാടകക്കെതിരായ മത്സരം കേരളത്തിന് നിര്‍ണായകമാണ്.

click me!