
ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന കേരളം ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. 13 റണ്‍സുമായി ബാബാ അപരാജിതും 9 റണ്‍സോടെ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും ക്രീസില്‍. ഓപ്പണര്‍മാരായ അഭിഷേക് നായര്‍, രോഹന്‍ കുന്നുമ്മല്‍, അങ്കിത് ശര്‍മ, സച്ചിന്‍ ബേബി എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് ആദ്യ സെഷനില്‍ നഷ്ടമായത്. മധ്യപ്രദേശിന് വേണ്ടി സാരാന്‍ഷ് ജെയിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിന് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ രോഹന്‍ കുന്നുമ്മലിനെ പുറത്താക്കിയ കുമാര്‍ കാര്‍ത്തികേയ സിംഗാണ് കേരളത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. അഭിഷേക് നായരും അങ്കിത് ശര്‍മയും ചേര്‍ന്ന് കേരളത്തെ 50 കടത്തി പ്രതീക്ഷ നല്‍കിയെങ്കിലും അങ്കിത് ശര്‍മയെ(20) വിക്കറ്റിന് മുന്നില്‍ കുടുക്കിയ സാരാന്‍ഷ് ജെയിന്‍ കൂട്ടുകെട്ട് പൊളിച്ചതോടെ കേരളം വീണ്ടും തകര്‍ന്നു. പിന്നീടെത്തിയ മുന്‍ നായകന്‍ സച്ചിൻ ബേബി എട്ട് പന്ത് നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാതെ മടങ്ങി. സച്ചിനെയും സാരാഷ് ജെയിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
54-1ല്‍ നിന്ന് 60-3ലേക്ക് കേരളം വീണശേഷം അഭിഷേക് നായരും ബാബാ അപരാജിതും ചേര്‍ന്ന് പിടിച്ചു നില്‍ക്കുമെന്ന് കരുതിയെങ്കിലും അര്‍ധസെഞ്ചുറിക്ക് തൊട്ടു മുമ്പ് അഭിഷേകിനെ വീഴ്ത്തിയ മുഹമ്മദ് അറ്‍ഷാദ് ഖാന്‍ കേരളത്തിന് നാലാം പ്രഹരമേല്‍പ്പിച്ചു. ഇതോടെ 78-4 എന്ന സ്കോറില്‍ പതറിയ കേരളത്തെ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും ബാബാ അപരാജിതും ചേര്‍ന്ന് ലഞ്ചിന് മുമ്പ് 91 റണ്‍സിലെത്തിച്ചു.
രഞ്ജി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മഹാരാഷ്ട്രക്കും പഞ്ചാബിനുമെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി സമനില വഴങ്ങിയ കേരളം കര്‍ണാടകക്കെതിരെ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ സൗരാഷ്ട്രക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡോടെ സമനില നേടിയ കേരളത്തിന് നിലവില്‍ അഞ്ച് പോയന്‍റ് മാത്രമാണുള്ളത്. നിലവിലെ റണ്ണറപ്പുകളായ കേരളം എട്ട് ടീമുകളുള്ള ഗ്രൂപ്പില്‍ പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക