രഞ്ജി ട്രോഫി: കേരളത്തിനെതിരെ പുതുച്ചേരിക്ക് ബാറ്റിംഗ് തകര്‍ച്ച

By Web TeamFirst Published Jan 24, 2023, 11:00 AM IST
Highlights

ഓപ്പണര്‍ നെയാന്ഡ കങ്കായന്‍(0), ക്യാപ്റ്റന്‍ രോഹിത് ഡി(0), സാഗര്‍ പി ഉദേശി(14) എന്നിവരുടെ വിക്കറ്റുകളാണ് പുതുച്ചേരിക്ക് തുടക്കത്തിലെ നഷ്ടമായത്. കേരളത്തിനായി ബേസില്‍ തമ്പിയും എം ഡി നിധീഷും ജലജ് സസ്കേനയും ഓരോ വിക്കറ്റ് വീതം നേടി

പുതുച്ചേരി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ പുതുച്ചേരിക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പുതുച്ചേരി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ഒമ്പത് റണ്‍സോടെ ജെ എസ് പാണ്ഡെയും അഞ്ച് റണ്‍സോടെ പി കെ ദോഗ്രയും ക്രീസില്‍.  

ഓപ്പണര്‍ നെയാന്‍ കങ്കായന്‍(0), ക്യാപ്റ്റന്‍ രോഹിത് ഡി(0), സാഗര്‍ പി ഉദേശി(14) എന്നിവരുടെ വിക്കറ്റുകളാണ് പുതുച്ചേരിക്ക് തുടക്കത്തിലെ നഷ്ടമായത്. കേരളത്തിനായി ബേസില്‍ തമ്പിയും എം ഡി നിധീഷും ജലജ് സസ്കേനയും ഓരോ വിക്കറ്റ് വീതം നേടി. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ കങ്കയനെ മടക്കി ബേസില്‍ തമ്പിയാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. രണ്ടാം ഓവറില്‍ പുതുച്ചേരി നായകന്‍ രോഹിത്തിനെ കേരളാ ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫിന്‍റെ കൈകളിലെത്തിച്ച് എം ഡി നിധീഷ് പുതുച്ചേരിക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു.

പരമ്പര തൂത്തുവാരി ഒന്നാം റാങ്ക് സ്വന്തമാക്കാന്‍ ഇന്ത്യ, ആശ്വാസ ജയത്തിന് കിവീസ്

പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച സാഗര്‍ ഉദേശിയെ ജലജ് സക്സേനയും വഴ്ത്തിയതോടെ പന്ത്രണ്ടാം ഓവറില്‍ പുതുച്ചേരി 19-3ലേക്ക് വീണു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് കേരളം ഇന്ന് പുതുച്ചേരിക്കെതിരെ ഇറങ്ങിയത്. വത്സല്‍ ഗോവിന്ദിനും വൈശാഖ് ചന്ദ്രനും പകരം ബേസില്‍ തമ്പിയും വിശ്വേശര്‍ സുരേഷും കേരളത്തിന്‍റെ അന്തിമ ഇലവനിലെത്തി.

എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ ആറ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ പോയന്‍റ് പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം കേരളത്തിന് 20 പോയന്‍റ് ആണുള്ളത്. ഇത്രയും മത്സരങ്ങളില്‍ 23 പോയന്‍റുള്ള ജാര്‍ഖണ്ഡ് രണ്ടാമതും 29 പോയന്‍റുള്ള കര്‍ണാടക ഒന്നാം സ്ഥാനത്തുമാണ്.

click me!