
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ സൗരാഷ്ട്രക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന സൗരാഷ്ട്ര ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയിലാണ്. 63 റണ്‍സോടെ ജേ ഗോഹിലും ഒരു റണ്ണുമായി ഗജ്ജര്‍ സമ്മറും ക്രീസില്‍. ഹര്‍വിക് ദേശായി(0), ചിരാഗ് ജാനി(5), എവി വാസവദ(0), പ്രേരക് മങ്കാദ്, അന്‍ഷ് ദേശായി(1) എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രക്ക് ആദ്യ സെഷനില്‍ നഷ്ടമായത്. കേരളത്തിനായി എം ഡി നിധീഷാണ് അഞ്ച് വിക്കറ്റും വീഴ്ത്തിയത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ സൗരാഷ്ട്രക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. റണ്ണെടുക്കും മുമ്പെ ഹര്‍വിക് ദേശായിയെ നിധീഷ് രോഹന്‍ കുന്നുമ്മല്ലിന്‍റെ കൈകളിലേക്ക് പറഞ്ഞയച്ചു. ചിരാഗ് ജാനിയും ജേ ഗോഹിലും ചേര്‍ന്ന് പിന്നീട് അഞ്ചോവര്‍ പിടിച്ചു നിന്നെങ്കിലും ആറാം ഓവറില്‍ ചിരാഗ് ജാനിയെ ആകര്‍ഷിന്‍റെ കൈകളിലത്തിച്ച് നിധീഷ് രണ്ടാം പ്രഹരമേല്‍പ്പിച്ചു. പിന്നാലെ എ വി വാസവദയെ(0) ഗോള്‍ഡന്‍ ഡക്കാക്കിയ നിധീഷ് ഹാട്രിക്കിന് അടുത്തെത്തി.
7-3 എന്ന സ്കോറില്‍ പതറിയ സൗരാഷ്ട്രയെ ജേ ഗോഹില്‍ ഒറ്റക്ക് കരകയറ്റി. മറുവശത്ത് 47 പന്ത് നേരിട്ട് 13 റണ്‍സെടുത്ത പ്രേരക് മങ്കാദ് പിടിച്ചു നിന്നതോടെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ സൗരാഷ്ട്ര 50 കടന്നു. എന്നാല്‍ സ്കോര്‍ 76ല്‍ നില്‍ക്കെ പ്രേരക് മങ്കാദിനെ(13) മടക്കിയ നിധീഷ് തന്നെ കൂട്ടുകെട്ട് പൊളിച്ചു. 69 റണ്‍സാണ് പ്രേരങ്ക് മങ്കാദും ഗോഹിലും ചേര്‍ന്ന് നാവാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയത്. പിന്നാലെ ക്രീസിലെത്തിയ അന്‍ഷ് ഗോസായിയെ(1) ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്‍റെ കൈകളിലെത്തിച്ച നിധീഷ് അഞ്ച് വിക്കറ്റ് തികച്ചതോടെ സൗരാഷ്ട്ര കൂട്ടത്തകര്‍ച്ചയിലായി.
കേരള പ്ലേയിംഗ് ഇലവൻ: മുഹമ്മദ് അസറുദ്ദീൻ(ക്യാപ്റ്റൻ),രോഹൻ കുന്നുമ്മൽ,സച്ചിൻ ബേബി,ബാബ അപരാജിത്,അഹമ്മദ് ഇമ്രാൻ,അങ്കിത് ശർമ്മ, എം ഡി നിധീഷ്, നെടുമൺകുഴി ബേസിൽ, ഈഡൻ ആപ്പിൾ ടോം,വരുൺ നായനാർ,ആകർഷ് എ.കെ.
സൗരാഷ്ട്ര പ്ലേയിംഗ് ഇലവന്‍: ഹാർവിക് ദേശായി,അർപിത് വാസവദ,ജയ് ഗോഹിൽ,പ്രേരക് മങ്കാദ്,ധർമേന്ദ്രസിങ് ജഡേജ,സമ്മർ ഗജ്ജർ,യുവരാജ് സിംഗ് ദോഡിയ, ജയദേവ് ഉനദ്ഘട്ട് (ക്യാപ്റ്റൻ),ചിരാഗ് ജാനി, ഹിറ്റെൻ കൻബി, അൻഷ് ഗോസായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!