
ബംഗലൂരു: രഞ്ജി ട്രോഫി ക്രിക്കറ്റില്‍(Ranji Trophy) ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെയും(Yashasvi Jaiswal) അര്‍മാന്‍ ജാഫറിന്‍റെയും സെഞ്ചുറികളുടെ മികവില്‍ ഉത്തര്‍പ്രദേശിനെതിരെ മുംബൈക്ക് 662 റണ്‍സിന്‍റെ ലീഡ്. 181 റണ്‍സടിച്ച യശസ്വിയുടെയും 127 റണ്‍സടിച്ച ജാഫറിന്‍റെയും മികവില്‍ രണ്ടാം ഇന്നിംഗ്സില്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മുംബൈ നാലു വിക്കറ്റ് നഷ്ടത്തില്‍ 449 റണ്‍സെന്ന ശക്തമായ നിലയിലാണ്. 23 റണ്‍സോടെ സര്‍ഫ്രാസ് ഖാനും 10 റണ്‍സോടെ ഷംസ് മുലാനിയും ക്രീസില്‍. ആദ്യ ഇന്നിംഗ്സിലും മുംബൈക്കായി യശസ്വി സെഞ്ചുറി നേടിയിരുന്നു. രഞ്ജിയില്‍ മുംബൈക്കായി രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ ബാറ്ററാണ് യശസ്വി.
നേരത്തെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡും നേടിയിരുന്ന മുംബൈക്കെതിരെ അവസാന ദിനം 600ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുക എന്ന അസാധ്യ ലക്ഷ്യമാണ് ഉത്തര്‍പ്രദേശിന് മുന്നിലുള്ളത്. മത്സരം സമനിലയായാലും ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തില്‍ മുംബൈ ഫൈനലിലെത്തും. ആദ്യ മൂന്നാം ദിനം ആദ്യ റണ്ണെടുക്കാന്‍ 54 പന്ത് നേരിട്ട യശസ്വി നാലാം ദിനം 372 പന്തിലാണ് 181 റണ്‍സടിച്ചത്. അര്‍മാന്‍ ജാഫര്‍ 259 പന്തില്‍ 127 റണ്‍സടിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 284 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. നേരത്തെ മുംബൈ ആദ്യ ഇന്നിംഗ്സില്‍ 393 റണ്‍സടിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് 180 റണ്‍സിന് പുറത്തായിരുന്നു.
മധ്യപ്രദേശ്-ബംഗാള്‍ പോരാട്ടം അവേശാന്ത്യത്തിലേക്ക്
രണ്ടാം സെമിയില്‍ മധ്യപ്രദേശ്-ബംഗാള്‍ മത്സരം ആവേശാന്ത്യത്തിലേക്ക് നീങ്ങുകയാണ്. 350 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗാള്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലാണ്. 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനൊപ്പം എട്ട് റണ്‍സോടെ അനുസ്തൂപ് മജൂംദാറാണ് ക്രീസില്‍. അഭിഷേക് രാമന്‍(0), കുദീപ് കുമാര്‍(19), അഭിഷേക് പോറല്‍(7), മനോജ് തിവാരി(7) എന്നിവരുടെ വിക്കറ്റുകളാണ് ബംഗാളിന് നഷ്ടമായത്. അവസാന ദിവസം നാലു വിക്കറ്റ് ശേഷിക്കെ ബംഗാളിന് ജയിക്കാന്‍ 254 റണ്‍സ് കൂടി വേണം.