രവി ശാസ്ത്രി തന്നെ പരിശീലകനായി തുടര്‍ന്നേക്കും; നിര്‍ണായകമാകുക ഉപദേശകസമതിയുടെ ഈ നിലപാട്

By Web TeamFirst Published Aug 6, 2019, 6:53 PM IST
Highlights

വിദേശ പരിശീലകരെ കൊണ്ടുവരുന്നതിനോട് ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഗാരി കിര്‍സ്റ്റനെപ്പോലുള്ള വിദേശ പരിശീലകര്‍ അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കാരനായ പരിശീലകനെ നിയമിക്കുന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടര്‍ന്നേക്കുമെന്ന് സൂചന. വിദേശ പരിശീലകര്‍ വേണ്ടെന്നാണ് ഉപദേശക സമിതി അംഗങ്ങളുടെ നിലപാടെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ശാസ്ത്രി തന്നെ തുടരാനാണ് സാധ്യതയെന്ന് ഉപദേശകസമിതി അംഗത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

വിദേശ പരിശീലകരെ കൊണ്ടുവരുന്നതിനോട് ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഗാരി കിര്‍സ്റ്റനെപ്പോലുള്ള വിദേശ പരിശീലകര്‍ അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കാരനായ പരിശീലകനെ നിയമിക്കുന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. മാത്രമല്ല, രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പിന്നെന്തിനാണ് മാറ്റുന്നത്-പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയില്‍ ഒരു ഉപദേശക സമിതി അംഗം പ്രതികരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കോലിയും ശാസ്ത്രിയും തമ്മില്‍ മികച്ച രീതിയിലാണ് ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ഈ സമയത്ത് നിര്‍ണായകമായൊരു മാറ്റം വരുത്തുകയാണെങ്കില്‍ അത് അടുത്ത അഞ്ചു വര്‍ഷത്തെ ടീമിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുമെന്നും ബിസിസിഐ പ്രതിനിധിയും വ്യക്തമാക്കി.

പരിശീലകനെ തെരഞ്ഞെടുക്കുന്നതും പ്രഖ്യാപിക്കുന്നതും ഉപദേശകസമിതിയുടെ ചുമതലയാണെന്നും ഇക്കാര്യത്തില്‍ ബിസിസിഐ ഇടക്കാല ഭരണസമിതിക്ക് ഒന്നും ഇടപെടാനില്ലെന്നും ചെയര്‍മാന്‍ വിനോദ് റായ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രണ്ട് പരിശീലകര്‍ക്ക് തുല്യവോട്ട് ലഭിച്ചാല്‍ ഉപദേശക സമിതി തലവന്‍ കപില്‍ ദേവിന്റെ തീരുമാനമാകും നിര്‍ണായകമാകുകയെന്നും വിനോദ് റായ് വ്യക്തമാക്കിയിരുന്നു.

click me!