
ദുബായ്: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണിപ്പോള്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പേര്. അദ്ദേഹം ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷം വിരമിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു ജഡേജ. ന്യൂസിലന്‍ഡിനെ 251 റണ്‍സിന് പിടിച്ചുകെട്ടുന്നതില്‍ അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ടായിരുന്നു. 10 ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത ജഡേജ ഒരു വിക്കറ്റ് വീവ്ത്തുകയും ചെയ്തു. ടോം ലാതമിന്റെ വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്.
സ്‌പെല്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ താരം വിരാട് കോലി ജഡേജയെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. കൂടെ കെട്ടിപിടിക്കുകയും ചെയ്തു. നേരത്തെ, ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിന് ശേഷം സ്റ്റീവ് സ്മിത്തിനേയും കോലി ആശ്ലേഷിച്ചിരുന്നു. പിന്നീട് സ്മിത്ത് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതുമായി ബന്ധപ്പെടുത്തിയാണ് രവീന്ദ്ര ജഡേജയുടെ കാര്യവും ക്രിക്കറ്റ് ആരാധകര്‍ സംസാരിക്കുന്നത്. ചില പോസ്റ്റുകള്‍ വായിക്കാം...
അതേസമയം, ന്യൂസിലന്‍ഡിനെതിരെ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ മികച്ച നിലയിലാണിപ്പോള്‍. ഒടുവിര്‍ വിവരം ലഭിക്കുമ്പോള്‍ 26 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. രോഹിത് ശര്‍മ (76), ശ്രേയസ് അയ്യര്‍ (9) എന്നിവരാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്‍ (31), വിരാട് കോലി (1) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഒന്നാം വിക്കറ്റില്‍ രോഹിത് - ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് ചേര്‍ത്തു. 19-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. ഗ്ലെന്‍ ഫിലിപ്‌സിന്റെ ഒരു തകര്‍പ്പന്‍ ക്യാച്ചാണ് ഫിലിപ്‌സിന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. സാന്റ്‌നര്‍ക്കായിരുന്നു വിക്കറ്റ്. കോലി നേരിട്ട രണ്ടാം പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൈക്കല്‍ ബ്രേസ്‌വെല്ലിനായിരുന്നു വിക്കറ്റ്.
നേരത്തെ, കിവീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഏഴ് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 63 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 53 റണ്‍സുമായ പുറത്താവാത നിന്ന് മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ ഇന്നിംഗ്‌സ് നിര്‍ണായകമായി.