സ്വന്തം ക്യാപ്റ്റന് പോലും വിശ്വസിക്കാനായില്ല, രാഹുലിനെ പറന്നു പിടിച്ച് ജഡേജ; സീസണിലെ ഏറ്റവും മികച്ച ക്യാച്ചോ ?

By Web TeamFirst Published Apr 20, 2024, 10:23 AM IST
Highlights

ലഖ്നൗ ജയം ഉറപ്പിച്ചെങ്കിലും കെ എല്‍ രാഹുല്‍ സെഞ്ചുറി നേടുമോ എന്നത് മാത്രമായിരുന്നു ആരാധകരുടെ ആകാംക്ഷ. 82 റണ്‍സുമായി ക്രീസില്‍ നിന്നിരുന്ന രാഹുലിന് സെഞ്ചുറിയിലേക്ക് 18 റണ്‍സും ലഖ്നൗവിന് ജയത്തിലേക്ക് 17 റണ്‍സുമായിരുന്നു വേണ്ടിയിരുന്നത്.

ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്- ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം ലഖ്നൗ അനായാസം ജയിച്ചപ്പോള്‍ ആരാധകരില്‍ ആവേശം ഉയര്‍ത്തിയത് എം എസ് ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ് മാത്രമായിരുന്നു. ചെന്നൈ ഇന്നിംഗ്സിനൊടുവില്‍ ക്രീസിലിറങ്ങി 9 പന്തില്‍ 28 റണ്‍സടിച്ച് ധോണി ഉയര്‍ത്തിയ ആവേശം പക്ഷെ ലഖ്നൗ ബാറ്റിംഗിനിറങ്ങിയപ്പോള്‍ ചെന്നൈക്ക് നഷ്ടമായി.

മറുപടി ബാറ്റിംഗില്‍ ലഖ്നൗ നായകൻ കെ എല്‍ രാഹുലും ക്വിന്‍റണ്‍ ഡി കോക്കും ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയതോടെ ഏകപക്ഷീയമായി പോയ മത്സരത്തില്‍ പിന്നീട് ആവേശം ജനിപ്പിച്ചത് ലഖ്നൗ ഇന്നിംഗ്സിനൊടുവില്‍ കെ എല്‍ രാഹുലിനെ പറന്നു പിടിച്ച രവീന്ദ്ര ജഡേജയുടെ പറക്കും ക്യാച്ചായിരുന്നു. ലഖ്നൗ ജയം ഉറപ്പിച്ചെങ്കിലും കെ എല്‍ രാഹുല്‍ സെഞ്ചുറി നേടുമോ എന്നത് മാത്രമായിരുന്നു ആരാധകരുടെ ആകാംക്ഷ. 82 റണ്‍സുമായി ക്രീസില്‍ നിന്നിരുന്ന രാഹുലിന് സെഞ്ചുറിയിലേക്ക് 18 റണ്‍സും ലഖ്നൗവിന് ജയത്തിലേക്ക് 17 റണ്‍സുമായിരുന്നു വേണ്ടിയിരുന്നത്.

സഞ്ജുവിനെ ടോപ് 5ൽ നിന്ന് പുറത്താക്കി കെ എല്‍ രാഹുല്‍, ഓറഞ്ച് ക്യാപ്പിനായി പോരാട്ടം കനക്കുന്നു

പതിനെട്ടാം ഓവര്‍ എറിയാനെത്തിയ മതീഷ പതിരാനയെ പോയന്‍റിലൂടെ ബൗണ്ടറി കടത്താനുള്ള കെ എല്‍ രാഹുലിന്‍റെ ശ്രമം പക്ഷെ രവീന്ദ്ര ജഡേജയുടെ പറക്കും ക്യാച്ചില്‍ അവസാനിച്ചു. ഇടത്തോട്ട് ചാടി ഒറ്റക്കൈയില്‍ രാഹുലിനെ പറന്നു പിടിച്ച ജഡേജയുടെ ക്യാച്ച് കണ്ട് ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്‌വാദ് പോലും അവിശ്വസനീയതയോടെ വായില്‍ കൈവെച്ചുപോയി.

A STUNNER FROM JADEJA. 🫡 pic.twitter.com/nL9z9boAiM

— Mufaddal Vohra (@mufaddal_vohra)

കെ എല്‍ രാഹുലിനും ആ ക്യാച്ച് വിശ്വസിക്കാനായില്ല. റീപ്ലേ കണ്ടശേഷമാണ് രാഹുല്‍ ഔട്ടാണെന്ന് ഉറപ്പിച്ച് ക്രീസ് വിട്ടത്. മത്സരത്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്ന് ചെന്നൈയുടെ ടോപ് സ്കോററായ ജഡേജക്ക് പക്ഷെ ബൗളിംഗില്‍ തിളങ്ങാനായിരുന്നില്ല. മൂന്നോവറില്‍ 32 റണ്‍സ് വഴങ്ങിയ ജഡേജക്ക് വിക്കറ്റൊന്നും നേടാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!