
ദോഹ: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ ഏഷ്യന്‍ ലയണ്‍സിനായി കളിക്കുകയാണ് ഷാഹിദ് അഫ്രീദിയും ഷൊയൈബ് അക്തറും. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെ നടന്ന രസകരമായൊരു സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അക്തര്‍ വലിയ ബ്രാന്‍ഡ് ബില്‍ഡറാണെന്നും അക്തറെ പാക്കിസ്ഥാന്‍റെ ധനകാര്യ മന്ത്രിയാക്കണമെന്നും അഫ്രീദി അക്തറിന്‍റെ യുട്യൂബ് ചാനലിലെ സംഭാഷണത്തിനിടെ പറഞ്ഞു.
പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പരിമിതികളുള്ളതിനാല്‍ വലിയ ബ്രാന്‍ഡ് ആയി മാറാനാവില്ലെന്ന അക്തര്‍ തന്‍റെ യുട്യൂബ് ചാനലില്‍ മുമ്പ് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അഫ്രീദിയുടെ കളിയാക്കല്‍. പാക്കിസ്ഥാന്‍റെ ധനകാര്യ മന്ത്രിയായ ഇഷാഖ് ധര്‍ രാജിവെച്ചിട്ട് അക്തറെ ധനകാര്യ മന്ത്രിയാക്കണമെന്നാണ് എന്‍റെ അഭിപ്രായം. കാരണം, എങ്ങനെ ബ്രാന്‍ഡ് കെട്ടിപ്പടുക്കാമെന്ന് അക്തറിനോളം അറിയാവുന്നവര്‍ ആരുമില്ലെന്ന് അഫ്രീദി ചിരിച്ചുകൊണ്ട് പറഞ്ഞു.
കാരണം ഒരോവറില്‍ 3 സിക്‌സറടിച്ചത്; ഷഹീനും പൊള്ളാര്‍ഡും തമ്മില്‍ മുട്ടന്‍ വഴക്ക്- വീഡിയോ
ഇതുകേട്ട് സമീപമുണ്ടായിരുന്ന സൊഹൈല്‍ തന്‍വീറും മിസ്ബാ ഉള്‍ ഹഖും ചിരിക്കുകയും ചെയ്തു. താന്‍ പറയുന്ന കാര്യം അക്തറിന്‍റെ യുട്യൂബ് ചാനലില്‍ ഇടുമ്പോള്‍ എഡിറ്റ് ചെയ്യരുതെന്നും അഫ്രീദി വ്യക്തമാക്കി. ക്രിക്കറ്റ് താരമായിരുന്നില്ലെങ്കില്‍ താനൊരു സിനിമാ താരമാകുമായിരുന്നുവെന്നും എന്നാല്‍ ക്രിക്കറ്റ് താരമെന്ന നിലയിലുള്ള ജീവിതം താന്‍ ശരിക്കും ആസ്വദിച്ചിരുന്നുവെന്നും അക്തര്‍ മറുപടി നല്‍കി.
അഫ്രീദി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്യില്ലെന്നും നിയമപരമായ രീതിയില്‍ പണമുണ്ടാക്കാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും താന്‍ ചെയ്യുമെന്നും അക്തര്‍ മറുപടി നല്‍കി. ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ അവസാന ലീഗ് മത്സരത്തില്‍ ഏഷ്യന്‍ ലയണ്‍സ് ഇന്ന് വേള്‍ഡ് ജയന്‍റ്സിനെ നേരിടാനിറങ്ങും.കഴിഞ്ഞ മത്സരത്തില്‍ ഏഷ്യന്‍ ലയണ്‍സിനെ ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ മഹാരാജാസ് 10 വിക്കറ്റിന് തകര്‍ത്ത് ടൂര്‍ണമെന്‍റിലെ ആദ്യ ജയം നേടിയിരുന്നു.