ധോണിക്ക് പോലും സ്വന്തമാക്കാനായില്ല! ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ചരിത്രനേട്ടവുമായി റിഷഭ് പന്ത്

By Web TeamFirst Published May 5, 2021, 4:18 PM IST
Highlights

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായിരുന്ന എം എസ് ധോണിക്ക് പോലും നേടാന്‍ കഴിയാത്ത നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. 19-ാം സ്ഥാനമായിരുന്നു ധോണിയുടെ ഉയര്‍ന്ന റാങ്ക്. 

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. 23കാരനായ പന്ത് ആദ്യ പത്തില്‍ ഇടം നേടി. നിലവില്‍ ആറാം സ്ഥാനത്താണ് പന്ത്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഐസിസി റാങ്കിങ്ങില്‍ ആദ്യ പത്തിലെത്തുന്നത്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായിരുന്ന എം എസ് ധോണിക്ക് പോലും നേടാന്‍ കഴിയാത്ത നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. 19-ാം സ്ഥാനമാണ് ധോണിയുടെ ഉയര്‍ന്ന റാങ്ക്. 

പന്തിനെ കൂടാതെ ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍. രോഹിത് പന്തിനൊപ്പം ആറാം സ്ഥാനം പങ്കിടുകയാണ്. ന്യൂസിലന്‍ഡിന്റെ ഹെന്റി നിക്കോള്‍സും ഇവര്‍ക്കൊപ്പം ആറാമതുണ്ട്. കോലി അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ 7-8 മാസങ്ങളില്‍ തകര്‍പ്പന്‍ പ്രകടനമാണ് പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ പുറത്തെടുത്തത്. ഓസ്്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ഇന്ത്യ പരമ്പര നേടുമ്പോള്‍ ബാറ്റുകൊണ്ട് താരം നിര്‍ണായക പ്രകടനം പുറത്തെടുത്തു താരം. ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടന്ന പരമ്പരയിലും പന്തിന്റെ പങ്ക് അവിസ്മരണീയമായിരുന്നു. റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ചതും ഈ പ്രകടനം തന്നെ.

ആറാം സ്ഥാനത്തുള്ള പന്ത്, രോഹിത്, നിക്കോള്‍സ് എന്നിവര്‍ക്ക് 747 പോയിന്റാണുള്ളത്. അതേസമയം, ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (919) ഒന്നാം സ്ഥാനം നിലനില്‍ത്തി. ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത് (891), മര്‍നസ് ലബുഷെയ്ന്‍ (878), ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് (831) എന്നിവരാണ് രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളില്‍. അഞ്ചാമതുള്ള കോലിക്ക് 814 പോയിന്റാണുള്ളത്. ബാബര്‍ അസം (736), ഡേവിഡ് വാര്‍ണര്‍ (724) എന്നിവരാണ് ആദ്യ പത്തിലെ അവസാന രണ്ട് സ്ഥാനക്കാര്‍. 

ബൗളര്‍മാരുടെ പട്ടികയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന പട്ടികയില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ് രണ്ടാമത്. മറ്റു ഇന്ത്യന്‍ താരങ്ങളാരും പട്ടികയിലില്ല. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡറാണ് ഒന്നാമത്. രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തും.  ആര്‍ അശ്വിന്‍ നാലാമതുമുണ്ട്.

click me!