
ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാകാനിരിക്കെ ഇന്ത്യന്‍ യുവതാരത്തെ പുകഴ്ത്തി മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തിനെയാണ് വോണ്‍ പ്രശംസകൊണ്ട് മൂടിയത്.
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെപ്പോലെ എതിര്‍ ബൗളര്‍മാരുടെ മനസില്‍ ഭയം നിറക്കുന്ന ബാറ്റ്സ്മാനാണ് റിഷഭ് പന്തെന്ന് വോണ്‍ പറഞ്ഞു. ചിലപ്പോഴൊക്കെ റിഷഭ് പന്ത് പിഴച്ച ഷോട്ടുകളില്‍ പുറത്താവുമെങ്കിലും പലപ്പോഴും അദ്ദേഹത്തിന് ഇന്ത്യയെ വിജയത്തിലെത്തിക്കാനുമാവുമെന്നും വോണ്‍ പറഞ്ഞു.
സെവാഗ് എതിര്‍ ബൗളര്‍മാര്‍ക്ക് എക്കാലവും പേടി സ്വപ്നമായിരുന്നു. അതുപോലെയാണ് റിഷഭ് പന്തും. സിക്സടിക്കാനുള്ള അയാളുടെ കഴിവ് എതിരാളികളുടെ ഉറക്കം കെടുത്തും. ചെറിയ പിഴവുകളില്‍ ചിലപ്പോള്‍ അദ്ദേഹം കുറഞ്ഞ സ്കോറില്‍ പുറത്താവുമായിരിക്കാം. പക്ഷെ വലിയ സ്കോര്‍ നേടി ടീമിനെ നിരവധി മത്സരങ്ങളില്‍ ജയിപ്പിക്കാനും പന്തിനാവും.
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ റിഷഭ് പന്തിന്‍റെയും ബെന്‍ സ്റ്റോക്സിന്‍റെ പ്രകടനമായിരിക്കും താന്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതെന്നും വോണ്‍ പറഞ്ഞു. പന്ത് ബാറ്റ് ചെയ്യാനിറങ്ങുമ്പോഴെല്ലാം ഞാന്‍ കാണാനിരിക്കും. കാരണം ആ കളി നഷ്ടമാക്കാനാവില്ലെന്നും വോണ്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!