
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ അനാവശ്യ ഷോട്ടിലൂടെ പുറത്തായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ റിഷഭ് പന്തിനെ നേരെ ആരാധകരുടെ വിമര്‍ശനം. ഗാലെയില്‍ ബാറ്റിങ്ങിനിറങ്ങിയ പന്ത്, ലങ്കന്‍ ബൗളിംഗ് ആക്രമണത്തിനെതിരെ പ്രതിരോധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, തലേദിവസത്തെ 27 റണ്‍സില്‍ ബാറ്റിങ് പുനരാരംഭിച്ച പന്ത് ക്രീസില്‍ അസ്വസ്ഥനായിരുന്നു. പ്രത്യേകിച്ച് ഓഫ് സ്പിന്നര്‍ കേശര നുവാന്തെയ്ക്കെതിരെ. ശ്രീലങ്കന്‍ ബൗളര്‍മാര്‍ പന്തില്‍ വേരിയേഷന്‍ വരുത്തിയപ്പോള്‍, 39 റണ്‍സില്‍ നില്‍ക്കെ ക്ഷമനശിച്ച പന്ത് അവരുടെ കെണിയില്‍ വീഴുകയായിരുന്നു.
ക്രീസിനു പുറത്തേക്ക് ഇറങ്ങി ഒരു വലിയ ഷോട്ടിന് ശ്രമിക്കുകയായിരുന്നു പന്ത്. ടൈമിംഗ് പിഴച്ച ആ ഷോട്ട് നേരെ മിഡ്-ഓഫില്‍ നിന്ന് ഓടിയെത്തിയ സോണല്‍ ദിനുഷയുടെ കൈകളില്‍ സുരക്ഷിതമായി എത്തി. ഈ പുറത്താകല്‍ ആരാധകരെ പ്രകോപിപ്പിച്ചു. ഓസ്‌ട്രേലിയന്‍ ടെന്നീസ് താരം നിക്ക് കിര്‍ഗിയോസുമായാണ് ആരാധകര്‍ പന്തിനെ താരതമ്യം ചെയ്തത്. സര്‍ക്യൂട്ടിലെ ഏറ്റവും പ്രതിഭാശാലികളായ കളിക്കാരിലൊരാളായി കണക്കാക്കപ്പെട്ടിട്ടും തന്റെ കരിയറില്‍ ഒരു ഗ്രാന്‍ഡ്സ്ലാം പോലും നേടാന്‍ കഴിയാത്ത താരമാണ് കിര്‍ഗിയോസ്.
'റിഷഭ് പന്ത് ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്ന രീതി എന്നെ വല്ലാതെ നിരാശപ്പെടുത്തുന്നു. ബൗളര്‍മാര്‍, പ്രത്യേകിച്ച് സ്പിന്നര്‍മാര്‍ പന്ത് എപ്പോഴാണ് ആക്രമിക്കാന്‍ വരുന്നതെന്ന് മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് അതിനനുസരിച്ച് തന്ത്രങ്ങള്‍ മെനയാനും ഇന്ത്യന്‍ താരത്തെ പുറത്താക്കാനും സാധിക്കുന്നു.' ഒരു ആരാധകന്‍ കുറിച്ചിട്ടു.
അതേസമയം, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25 പരമ്പരയ്ക്കിടെ തുടര്‍ച്ചയായി പരാജയപ്പെട്ട പന്തിന്റെ സ്വാഭാവിക ശൈലി മാറ്റാന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെയും പലരും കുറ്റപ്പെടുത്തി. ഓസ്‌ട്രേലിയന്‍ പര്യവേടനത്തിനിടയില്‍ പന്തുമായി ദീര്‍ഘമായി സംസാരിച്ച ഗംഭീര്‍, കളിയുടെ വേഗത കുറയ്ക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ പന്ത് പരാജയപ്പെട്ടെങ്കിലും വലിയ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ നിന്ന് ഇന്ത്യയെ അത് തടഞ്ഞില്ല. 230 പന്തില്‍ നിന്ന് 167 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിന്റെ മികവില്‍ ഇന്ത്യ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!