കാല്‍മുട്ടിലെ ശസ്ത്രക്രിയ കഴിഞ്ഞു, ഏകദിന ലോകകപ്പും റിഷഭ് പന്തിന് നഷ്ടമായേക്കും

By Web TeamFirst Published Jan 7, 2023, 2:30 PM IST
Highlights

ഇനി കണങ്കാലിനും ഒരു ശസ്ത്രക്രിയ ബാക്കിയുണ്ട്. കണങ്കാലിനേറ്റ പരിക്ക് കാല്‍മുട്ടിനേക്കാള്‍ ഗുരുതരമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

മുംബൈ: കാര്‍ അപകടത്തില്‍ പരിക്കേറ്റ് മുംബൈയിലെ കോകിലെ ബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടത്തില്‍ പരിക്കേറ്റ കാൽമുട്ടിലെ ശസ്ത്രക്രിയയാണ് ഇന്ന് വിജയകരമായി പൂർത്തിയാക്കിയത്. ശസ്ത്രക്രിയ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.

ഇനി കണങ്കാലിനും ഒരു ശസ്ത്രക്രിയ ബാക്കിയുണ്ട്. കണങ്കാലിനേറ്റ പരിക്ക് കാല്‍മുട്ടിനേക്കാള്‍ ഗുരുതരമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. പരിക്ക് മാറി പൂര്‍ണ കായികക്ഷമത വീണ്ടെടുത്ത് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ റിഷഭ് പന്തിന് കുറഞ്ഞത് എട്ടോ എമ്പതോ മാസമെങ്കിലും വേണ്ടി വരുമെന്നാണ് ആശുപത്രിവൃത്തങ്ങളും ബിസിസിഐ മെഡിക്കല്‍ സംഘവും നല്‍കുന്ന സൂചന.

ഈ സാഹചര്യത്തില്‍ ഫെബ്രുവരിയില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയും, ഐപിഎല്ലും ഏഷ്യാ കപ്പും, ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പും പന്തിന് നഷ്ടമായേക്കുമെന്നാണ് കരുതുന്നത്. അപകടത്തെത്തുടര്‍ന്ന് ഡെറാ‍ഡൂണിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പന്തിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ എയര്‍ ലിഫ്റ്റ് ചെയ്ത് മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്പോര്‍ട്സ് മെഡിസിന്‍ വിദഗ്ദനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് കോകില ബെന്‍ ആശുപത്രിയില്‍ റിഷഭ് പന്തിനെ ചികിത്സിക്കുന്നത്. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, യുവരാജ് സിംഗ്, രവീന്ദ്ര ജഡേജ എന്നിവരുടെ പരിക്ക് ചികിത്സിച്ച് ഭേദമാക്കിയത് ദിന്‍ഷാ പര്‍ദിവാലയായിരുന്നു.

ക്രിക്കറ്റ് വിട്ടാല്‍ ഇതാണ് പറ്റിയ ജോലി; വാര്‍ണര്‍ക്ക് നിര്‍ദേശവുമായി നെറ്റ്ഫ്ലിക്സ്

കഴിഞ്ഞ മാസം 30നാണ് അമ്മയെ കാണാന്‍ ഡല്‍ഹിയില്‍ നിന്ന് ജന്‍മനാടായ റൂര്‍ക്കിയിലേക്ക് പോകുംവഴി രഹിദ്വാര്‍ ജില്ലയിലെ മാംഗല്ലൂരില്‍വെച്ച് റിഷഭ് പന്തിന്‍റെ കാര്‍ അപകടത്തില്‍ പെട്ട് പൂര്‍ണമായും കത്തി നശിച്ചത്. ഡല്‍ഹി-ഡെറാഡൂണ്‍ അതിവേഗ പാതയില്‍ കാര്‍ നിയന്ത്രണംവിട്ട്  ഡിവൈഡറില്‍ ഇടിച്ചുകയറി മറിഞ്ഞശേഷമായിരുന്നു കത്തിയത്. റിഷഭ് പന്ത് കാറില്‍ നിന്ന് പുറത്തു കടന്ന ഉടനെയാണ് വാഹനം കത്തിച്ചാമ്പലായത്. അപകടത്തില്‍ റിഷഭ് പന്തിന് പൊള്ളലും ഏറ്റിരുന്നു.

click me!