
കോഴിക്കോട്: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് അരങ്ങുണരുമ്പോള്‍ ആദ്യ കിരീടമെന്ന ലക്ഷ്യത്തിലേക്കുള്ള പടയൊരുക്കത്തിലാണ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ്. അനുഭവസമ്പന്നരായ മുതിര്‍ന്ന താരങ്ങളും യുവപ്രതിഭകളും സമന്വയിക്കുന്ന ശക്തമായൊരു നിരയാണ് ഇത്തവണ കാലിക്കറ്റിന്റേത്. കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ആദ്യ സീസണില്‍ ഫൈനലിലും രണ്ടാം സീസണില്‍ സെമി ഫൈനലിലും പുറത്താകുകയായിരുന്നു. മലബാറിലെ കായികപ്രേമികളുടെ ആവേശവും പിന്തുണയും കരുത്താക്കി കിരീടം മാത്രം ലക്ഷ്യമിട്ടാണ് ഇത്തവണ കാലിക്കറ്റ് ഇറങ്ങുന്നത്.
രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ കഴിഞ്ഞ സീസണുകളില്‍ ടീമിന് കരുത്ത് പകര്‍ന്ന ഈ താരങ്ങള്‍ ഇത്തവണയും ഗ്ലോബ് സ്റ്റാര്‍സിനൊപ്പം തന്നെയുണ്ട്. ഏത് മികച്ച ബൗളിങ് നിരയ്ക്കുമെതിരെ തകര്‍പ്പന്‍ തുടക്കം നല്‍കാന്‍ ശേഷിയുള്ള താരമാണ് രോഹന്‍ കുന്നുമ്മല്‍. രോഹന്‍ നല്‍കുന്ന അതിവേഗ തുടക്കങ്ങള്‍ക്കൊടുവില്‍ മധ്യനിരയ്ക്ക് കരുത്തും സ്ഥിരതയും പകരാന്‍ സല്‍മാന്‍ നിസാറിനെയും അഖില്‍ സ്‌കറിയയെയും പോലുള്ള താരങ്ങളുമുണ്ട്. ഇവര്‍ക്കൊപ്പം വരുണ്‍ നയനാര്‍, മുഹമ്മദ് കൈഫ്, അബ്ദുള്‍ ബാസിത് എന്നിവര്‍ കൂടിയെത്തിയതോടെ ലീഗിലെ ഏറ്റവും അപകടകാരികളായ ബാറ്റിങ് നിരയിലൊന്നായി കാലിക്കറ്റ് മാറിയിട്ടുണ്ട്. ഇതിന് പുറമെ ഫിനിഷറുടെ റോളില്‍ കൃഷ്ണദേവനുമുണ്ട്.
ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുറ്റ ഓള്‍റൗണ്ട് നിര കൂടിയാണ് ഗ്ലോബ് സ്റ്റാര്‍സിന്റേത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മത്സരത്തിന്റെ ഗതി മാറ്റാന്‍ പോന്ന മികച്ച ഓള്‍റൗണ്ടര്‍മാരാണ് അഖില്‍ സ്‌കറിയയും അബ്ദുള്‍ ബാസിതും. കഴിഞ്ഞ സീസണില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് അഖില്‍ സ്‌കറിയ. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്ന അബ്ദുള്‍ ബാസിത് ട്രിവാണ്‍ഡ്രം റോയല്‍സില്‍ നിന്നാണ് കാലിക്കറ്റിലെത്തുന്നത്. അബ്ദുള്‍ ബാസിതിന്റെ സാന്നിധ്യം ഗ്ലോബ് സ്റ്റാര്‍സിന് ഇത്തവണ മുതല്‍ക്കൂട്ടാവും.
വേഗത കൊണ്ടും കൃത്യത കൊണ്ടും എതിരാളികളെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്നൊരു പേസ് ബൗളിങ് നിരയാണ് ഇത്തവണ കാലിക്കറ്റിന്റേത്. കഴിഞ്ഞ രണ്ട് സീസണുകളിലും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്തിയ അഖില്‍ സ്‌കറിയ തന്നെയാണ് ഇത്തവണയും ടീമിന്റെ പ്രധാന ആയുധം. വേഗം കൊണ്ട് ബാറ്റര്‍മാരെ വിറപ്പിക്കുന്ന അഖിന്‍ സത്താര്‍, ഇബ്‌നുല്‍ അഫ്താബ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം വിഘ്‌നേഷ് പുത്തൂര്‍, ഹരികൃഷ്ണന്‍, അഫ്രാദ് എന്നിവരടങ്ങുന്ന സ്പിന്‍ സഖ്യം കൂടി ചേരുമ്പോള്‍ വൈവിധ്യമുള്ള ബൗളിങ് ലൈനപ്പാണ് ഇത്തവണ ടീമിന്റേത്.
ബിജുമോനാണ് ഇത്തവണ ടീമിന്റെ മുഖ്യപരിശീലകന്‍. ഡേവിഡ് ചെറിയാന്‍ അസിസ്റ്റന്റ് കോച്ചായും സുമേഷ് എം എസ് ഫീല്‍ഡിങ് കോച്ചായും ഹരി ആര്‍ വാര്യര്‍ സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ചായും ടീമിനൊപ്പമുണ്ട്. രാകേഷ് ബി മേനോന്‍ (പെര്‍ഫോമന്‍സ് അനലിസ്റ്റ്), ഷോണ്‍ ആന്റണി (ടീം ഫിസിയോ), വിഷ്ണുദാസ് (ടീം മാനേജര്‍), യു അച്യുതന്‍ (ടീം മെന്റര്‍) എന്നിവരാണ് സപ്പോര്‍ട്ട് സ്റ്റാഫംഗങ്ങള്‍. സഞ്ജു മുഹമ്മദാണ് ടീം ഉടമ.
ടീം അംഗങ്ങള്‍: രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, വിഘ്‌നേഷ് പുത്തൂര്‍, വരുണ്‍ നയനാര്‍, അഖിന്‍ സത്താര്‍, അബ്ദുള്‍ ബാസിത്, ഹരികൃഷ്ണന്‍ എം.യു, അശ്വിന്‍ ആനന്ദ്, മുഹമ്മദ് കൈഫ്, അരവിന്ദ് കെ.എസ്, കൃഷ്ണദേവന്‍, അഫ്രാദ് എന്‍, ഇബ്‌നുല്‍ അഫ്താബ്, റഹാന്‍ റഹീം, ആതിഫ് ബിന്‍ അഷ്‌റഫ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!