ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തോല്‍വി; ടിവി അംപയറെ കടന്നാക്രമിച്ച് രോഹിത്, കൂടുതല്‍ റിപ്ലേ ആവാമെന്ന് ഉപദേശം

Published : Jun 11, 2023, 08:48 PM ISTUpdated : Jun 11, 2023, 08:58 PM IST
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തോല്‍വി; ടിവി അംപയറെ കടന്നാക്രമിച്ച് രോഹിത്, കൂടുതല്‍ റിപ്ലേ ആവാമെന്ന് ഉപദേശം

Synopsis

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ പുറത്തായ ക്യാച്ച് വലിയ വിവാദമായിരുന്നു

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന് പിന്നാലെ മൂന്നാം അംപയറിനെതിരെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. 'ഞാന്‍ നിരാശനാണ്, മൂന്നാം അംപയര്‍ കൂടുതല്‍ റീപ്ലേകള്‍ പരിശോധിക്കണമായിരുന്നു. പകരം അദേഹം വളരെ വേഗം തീരുമാനങ്ങളെടുത്തു. ഫൈനല്‍ പോലൊരു മത്സരത്തില്‍ കൂടുതല്‍ ക്യാമറ ആംഗിളുകള്‍ വേണം. ഐപിഎല്ലില്‍ പത്തിലധികം ആംഗിളുകളില്‍ റിപ്ലേകള്‍ കാണിക്കും. എന്നാല്‍ ഐസിസി ടൂര്‍ണമെന്‍റില്‍ ഇത്തരമൊരു സംവിധാനമില്ല' എന്നുമാണ് ഓവലിലെ തോല്‍വിക്ക് ശേഷം ഹിറ്റ്‌മാന്‍റെ വാക്കുകള്‍. 'പരമ്പര ജയങ്ങളേക്കാള്‍ പ്രാധാന്യമുള്ളതാണ് ടൂര്‍ണമെന്‍റ് വിജയങ്ങള്‍. അതിനാല്‍ ഓവലിലെ തോല്‍വിയില്‍ നിരാശനാണ്' എന്നും ഹിറ്റ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. 

444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ പുറത്തായ ക്യാച്ച് വലിയ വിവാദമായിരുന്നു. പേസര്‍ സ്കോട്ട് ബോളണ്ടിന്‍റെ പന്തില്‍ എഡ്‌ജായി ഗില്‍ സ്ലിപ്പിലേക്ക് എത്തിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ നിലംപറ്റെയുള്ള ക്യാച്ച് എടുക്കുകയായിരുന്നു. മൂന്നാം അംപയര്‍ പരിശോധിച്ച് ഇത് വിക്കറ്റ് അനുവദിച്ചെങ്കിലും വേണ്ടത്ര റിപ്ലേകള്‍ അദേഹം കണ്ടില്ല എന്ന വിമര്‍ശനം പിന്നാലെ ശക്തമായിരുന്നു. പന്ത് നിലത്ത് മുട്ടി എന്ന വാദവുമായി ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു.  ടിവി അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോയ്‌ക്കെതിരെ ഇതില്‍ വിമര്‍ശനം ശക്തമായിരുന്നു. മാത്രമല്ല, ഗ്രീനിനെ ചതിയന്‍ എന്ന് വിളിച്ചാണ് ഓവല്‍ സ്റ്റേഡിയത്തില്‍ ഒരു വിഭാഗം ആരാധകര്‍ വരവേറ്റത്. കെറ്റില്‍ബറോയുടെ തീരുമാനം ബിഗ്‌ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ 'ചീറ്റര്‍, ചീറ്റര്‍'... എന്ന മുദ്രാവാക്യം ഗാലറിയില്‍ മുഴുങ്ങുന്നുണ്ടായിരുന്നു. ബോളണ്ടിന്‍റെ പന്തില്‍ മടങ്ങുമ്പോള്‍ 19 പന്തില്‍ 18 റണ്‍സാണ് ശുഭ്‌മാന്‍ ഗില്ലിനുണ്ടായിരുന്നത്. ഫൈനലില്‍ ടീം ഇന്ത്യക്ക് ഏറ്റവും വലിയ തിരിച്ചടിയായത് ഗില്ലിന്‍റെ ഈ മടക്കമായിരുന്നു. 

ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് 209 റണ്‍സിന്‍റെ കനത്ത തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് കൂടാരം കയറുകയായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാര്‍. രണ്ടാം ഇന്നിംഗ്‌സില്‍ 444 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രോഹിത് ശര്‍മ്മയും സംഘവും അഞ്ചാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ 234 റണ്‍സില്‍ പുറത്തായി. അഞ്ചാം ദിനം 70 റണ്‍സിനിടെയാണ് ഇന്ത്യ ഏഴ് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്. രണ്ടാം ഇന്നിംഗ്‌സില്‍ ടീം ഇന്ത്യയുടെ വീണ പത്തില്‍ മിക്ക വിക്കറ്റുകളും അലക്ഷ്യ ഷോട്ടുകളിലായിരുന്നു. വിരാട് കോലിയും രോഹിത് ശര്‍മ്മയും ചേതേശ്വര്‍ പൂജാരയും എല്ലാം അമിതാവേശം കൊണ്ട് ഇതിന് ഇരയായി. സ്കോര്‍: ഓസ്‌ട്രേലിയ- 469 & 270/8 d, ഇന്ത്യ- 296 & 234 (63.3).  

Read more: ഇന്ത്യക്ക് കിട്ടാക്കനി, ചരിത്രമെഴുതി ഓസ്‌‌ട്രേലിയ! നേട്ടത്തിലെത്തുന്ന ആദ്യ ക്രിക്കറ്റ് ടീം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്