
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ അക്സര്‍ പട്ടേലിന് ഹാട്രിക്ക് നേടാനുള്ള സുവര്‍ണാവസരം നഷ്ടമാക്കി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദശിനെതിരെ ഒമ്പതാം ഓവറിലാണ് അക്സര്‍ പട്ടേല്‍ ഹാട്രിക്ക് തികയ്ക്കാനുള്ള അവസരം ലഭിച്ചത്. ആദ്യ ബൗളിംഗ് മാറ്റവുമായി എത്തിയ അക്സര്‍ പട്ടേല്‍ തന്‍റെ രണ്ടാം പന്തില്‍ തന്നെ തന്‍സിദ് ഹസനെ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചു. 25 പന്തില്‍ 25 റണ്‍സാണ് തന്‍സിദ് നേടിയത്.
സമാനമായ മറ്റൊരു പന്തില്‍ മുഷ്ഫീഖുര്‍ റഹീമിനെയും രാഹുലിന്‍റ കൈലളിലെത്തിച്ച അക്സര്‍ പട്ടേല്‍ ഹാട്രിക്ക് നേട്ടത്തിന് തൊട്ടടുത്തെത്തി. അക്സറിന് ഹാട്രിക്ക് തികയ്ക്കാനായി സ്ലിപ്പില്‍ രണ്ട് ഫീല്‍ഡര്‍മാരെ രോഹിത് നിയോഗിക്കുകയും ചെയ്തു. അക്സറിന്‍റെ അടുത്ത പന്തില്‍ ജേക്കര്‍ അലി സ്ലിപ്പില്‍ രോഹിത്തിന് അനായാസ ക്യാച്ച് നല്‍കി. എന്നാല്‍ പന്ത് രോഹിത്തിന്‍റെ കൈകളില്‍ നിന്ന് വഴുതി താഴെ വീണതോടെ അക്സറിന്‍റെ ഹാട്രിക്ക് മോഹം പൊലിഞ്ഞു.
അക്സറിന്‍റെ ഹാട്രിക്ക് നഷ്ടമാക്കിയതിന്‍റെയും അനായാസ ക്യാച്ച് കൈവിട്ടതിന്‍റെ നിരാശയില്‍ നിലത്തു നിരവധി തവണ രോഹിത് കൈ കൊണ്ട് അടിക്കുകയും ചെയ്തു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായിരുന്നു. അഞ്ച് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതിരുന്ന സൗമ്യ സര്‍ക്കാരിനെ മുഹമ്മദ് ഷമി വിക്കറ്റിന് പിന്നില്‍ രാഹുലിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.
രണ്ടാം ഓവറില്‍ ഹര്‍ഷിത് റാണ ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൗന്‍ ഷാന്‍റോയെ(0) വിരാട് കോലിയുടെ കൈകളിലെത്തിച്ചപ്പോൾ മെഹ്ദി ഹസന്‍ മിറാസിനെ(5) ഷമി ഗില്ലിന്‍റെ കൈകളിലെത്തിച്ച് ബംഗ്ലാദേശിനെ കൂട്ടത്തകര്‍ച്ചയിലാക്കി. ഇന്ത്യക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് 12 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെന്ന നിലയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!