
ബംഗളൂരു: അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസിനെതിരെ (INDvWI) നടക്കുന്ന നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയിലേക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) തിരിച്ചെത്തിയേക്കും. ഹാംസ്ട്രിങ് ഇഞ്ചുറിയില്‍ നിന്ന് താരം വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വിന്‍ഡീസിനെതിരെ മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.
പരിക്കിനെ തുടര്‍ന്ന് രോഹിത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് പിന്മാറിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കെ എല്‍ രാഹുലാണ് (KL Rahul) ഇന്ത്യയെ നയിക്കുന്നത്. രോഹിത് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് ബിസിസിഐ വക്താവ് വ്യക്തമാക്കി.
അദ്ദേഹം പറയുന്നതിങ്ങനെ... ''നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലുള്ള രോഹിത് വളരെ വേഗത്തില്‍ തിരിച്ചുവരുന്നുണ്ട്. വിന്‍ഡീസിനെതിരായ പരമ്പരയില്‍ അദ്ദേഹം കളിക്കുമെന്നാണ് കരുതുന്നത്. അഹമ്മദാബാദില്‍ ഫെബ്രുവരി ആറിന് നടക്കുന്ന ആദ്യ ഏകദിനത്തിന് ഇനിയും മൂന്ന് മാസമുണ്ട്. അതിന് മുമ്പ് താരം പൂര്‍ണ കായികക്ഷമത തിരിച്ചുപിടിക്കും.'' ബിസിസിഐ വക്താവ് പറഞ്ഞു.
ഫെബ്രുവരി ആറ് മുതല്‍ 12 വരെയാണ് ഏകദിന മത്സരങ്ങള്‍. 15ന് ആരംഭിക്കുന്ന ടി20 പരമ്പര 20ന് അവസാനിക്കും. കോലിക്ക് പകരം ടെസ്റ്റ് ടീമിനെ നയിക്കേണ്ട ചുമതല കൂടി രോഹിത് ഏറ്റെടുക്കേണ്ടി വരും. ടെസ്റ്റ് ടീം ക്യാപ്റ്റനെ പ്രഖ്യാപിക്കാനിരിക്കെ രോഹിത്തിന്റെ പേര് പരിഗണിക്കാനാണ് കൂടുതല്‍ സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!