
മുംബൈ: ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചെങ്കിലും സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ തന്നെ ട്വന്‍റി 20 ലോകകപ്പിലെ ഫസ്റ്റ് ചോയിസ് ക്യാപ്റ്റന്‍ എന്ന് റിപ്പോര്‍ട്ട്. നീണ്ട 10 വര്‍ഷത്തെ രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിക്ക് വിരാമമിട്ട് ഔള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ അടുത്തിടെ മുംബൈ ഇന്ത്യന്‍സ് പുതിയ നായകനായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ട്വന്‍റി 20 ലോകകപ്പ് ടീമിലെ രോഹിത്തിന്‍റെ സ്ഥാനം ആശങ്കയിലായിരുന്നു.
നിലവില്‍ ഇന്ത്യന്‍ ട്വന്‍റി 20 ടീമിന്‍റെ അനൗദ്യോഗിക നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഹാര്‍ദിക്കിന് കീഴില്‍ യുവനിരയെ വളര്‍ത്തിയെടുക്കാനാണ് കഴിഞ്ഞ ഒരു വര്‍ഷമായി ബിസിസിഐ ശ്രമിക്കുന്നത്. സീനിയര്‍ താരങ്ങളില്‍ നിന്ന് ടീം മാറി ചിന്തിക്കുന്നതിനാല്‍ രോഹിത് ശര്‍മ്മ 2022 നവംബറിന് ശേഷം ടി20 ഫോര്‍മാറ്റില്‍ ടീം ഇന്ത്യക്കായി കളിച്ചിട്ടില്ല. 2022ലെ ട്വന്‍റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് സെമിഫൈനലില്‍ തോറ്റ മത്സരത്തിലാണ് രോഹിത് അവസാനമായി കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടുത്തിടെ അവസാനിച്ച ടി20 പരമ്പരയിലും രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയിരുന്നില്ല. എങ്കിലും 2024ല്‍ നടക്കാന്‍ പോകുന്ന ടി20 ലോകകപ്പില്‍ രോഹിത് കളിക്കാനും ക്യാപ്റ്റനാവാനും സാധ്യതയുണ്ട് എന്ന സൂചനകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനിടെയാണ് മുംബൈ ഇന്ത്യന്‍സില്‍ നായകസ്ഥാനം രോഹിത്തിന് നഷ്‌ടമായത്. ഇതോടെ ഹിറ്റ്‌മാനെ ദേശീയ ട്വന്‍റി 20 ടീമില്‍ കാണുമോ എന്ന ഭയത്തിലായിരുന്നു അദേഹത്തിന്‍റെ ആരാധകര്‍.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് രോഹിത് ശര്‍മ്മ തന്നെയാണ് 2024 ട്വന്‍റി 20 ലോകകപ്പിനായി പ്രഥമമായി പരിഗണിക്കപ്പെടുന്ന ക്യാപ്റ്റന്‍. രോഹിത്തിനെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതായി ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റന്‍സി മാറ്റം ആ ഫ്രാഞ്ചൈസിയുടെ മാത്രം തീരുമാനമാണ്. അത് ടീം ഇന്ത്യയെ യാതൊരു വിധത്തിലും ബാധിക്കേണ്ട കാര്യമില്ല എന്നും പേര് വെളിപ്പെടുത്താത്ത ബിസിസിഐ വൃത്തങ്ങള്‍ ദൈനിക് ജാഗ്രണിനോട് പറഞ്ഞു. രോഹിത്തിനെ ടി20 ക്യാപ്റ്റനാക്കുന്നത് സംബന്ധിച്ച് സെലക്ടമാര്‍ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനുമിടയില്‍ വാക്കാല്‍ ധാരണയുള്ളതായും സൂചനകളുണ്ട്. അടുത്ത വര്‍ഷം അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ട്വന്‍റി 20 ലോകകപ്പ് നടക്കുക.
ഇക്കഴിഞ്ഞ ഡിസംബര്‍ 15-ാം തിയതിയാണ് രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഏറ്റവും മികച്ച നായകനായിരുന്നു രോഹിത് ശർമ്മ. 2013ലാണ് രോഹിത് ശർമ്മ മുംബൈ ഇന്ത്യന്‍സിന്‍റെ നായകസ്ഥാനം ഏറ്റെടുത്തത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് രോഹിത് ക്യാപ്റ്റനായുള്ള 2013ലെ ആദ്യ സീസണില്‍ തന്നെ കിരീടമുയർത്തി. പിന്നീട് 2015, 2017, 2019, 2020 സീസണിലും രോഹിത്തിന്‍റെ നായകത്വത്തില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം തൂത്തുവാരി. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് രോഹിത്തിന്‍റെ പേരിലാണ്. എന്നാല്‍ ടീം ഇന്ത്യയെ ഏകദിന, ട്വന്‍റി 20 ലോകകപ്പുകളിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും കിരീടത്തിലേക്ക് നയിക്കാന്‍ ഇതുവരെ രോഹിത്തിനായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം