അവനെ ഇനിയും വേട്ടയാടരുത്; ഋഷഭ് പന്തിന് പിന്തുണയുമായി രോഹിത് ശര്‍മ

By Web TeamFirst Published Apr 8, 2020, 3:23 PM IST
Highlights

വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് ഇന്ത്യന്‍ യുവതാരം ഋഷഭ് പന്ത്. വന്‍ പ്രതീക്ഷയോടെ ദേശീയ ടീമിലെത്തിയ പന്തിന് കിട്ടിയ അവസരങ്ങള്‍ പൂര്‍ണമായും മുതലാക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
 

മുംബൈ: വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് ഇന്ത്യന്‍ യുവതാരം ഋഷഭ് പന്ത്. വന്‍ പ്രതീക്ഷയോടെ ദേശീയ ടീമിലെത്തിയ പന്തിന് കിട്ടിയ അവസരങ്ങള്‍ പൂര്‍ണമായും മുതലാക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിംഗിലും താരം മോശമാണെന്ന അഭിപ്രായം വന്നു. ക്രിക്കറ്റ് ലോകം വളഞ്ഞിട്ട് ആക്രമിച്ചു. എന്നാല്‍ ഇത്രത്തോളം വിമര്‍ശിക്കേണ്ടില്ലെന്നാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ പറയുന്നത്. 

മുന്‍ ഇന്ത്യന്‍ താരം യുവാജ് സിംഗുമായിട്ടുള്ള ഇന്‍സ്റ്റഗ്രാം ചാറ്റിനിടെയാണ്  രോഹിത് ഇക്കാര്യം അഭിപ്രായപ്പെട്ടത്. രോഹിത് പറഞ്ഞതിങ്ങനെ... ''മാധ്യമങ്ങള്‍ പന്തിനെ തന്നെ ലക്ഷ്യം വെയ്ക്കുകയാണ്. ഇത് ശരിയല്ല. പന്തിനുവേണ്ടതെല്ലാം ചെയ്തുകൊടുക്കുന്നവരില്‍ ഒരാളാണ് ഞാന്‍. ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന താരമാണ് പന്ത്. എന്നാല്‍ അതിരുകടക്കുന്ന രീതിയിലാണ് വിമര്‍ശനങ്ങള്‍. മാധ്യമങ്ങളില്‍ ഇതിനെ കുറിച്ച് ചിന്തിക്കണം. എന്തെങ്കിലും എഴുതിപ്പിടിപ്പിക്കരുത്. 

കാരണം അങ്ങനെ ചെയ്താല്‍ അതു പന്തിന്റെ കരിയറിനെ തന്നെ ബാധിക്കും. ജയവും തോല്‍വിയും കളിയുടെ ഭാഗമാണ്. അവന്‍ പെര്‍ഫോം ചെയ്യുന്നില്ല, ടീമില്‍ നിന്നു പുറത്താക്കൂയെന്ന് നിങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കും. എന്നാല്‍ ഇന്ത്യയെപ്പോലെ തന്നെ ജയം മാത്രം ലക്ഷ്യമിടുന്ന എതിര്‍ ടീം കൂടിയുണ്ടെന്ന് കൂടി നിങ്ങള്‍ ആലോചിക്കണം.

ഞാന്‍ ദേശീയ ടീമിലേക്കു വരുമ്പോള്‍ ഇപ്പോഴത്തേതു പോലെ യുവതാരങ്ങള്‍ അധികമില്ലായിരുന്നു. ഇപ്പോള്‍ ടീമിലെ ഭൂരിഭാഗം പേരും യുവക്കളാണ്. ടീമിലെ അഞ്ചോ, ആറോ യുവതാരങ്ങളുമായി താന്‍ സ്ഥിരമായി സംസാരിക്കാറുണ്ട്. എന്നെകൊണ്ട് ആവുന്ന വിധത്തില്‍ സഹായിക്കാറുമുണ്ട്.'' രോഹിത് പറഞ്ഞു.

click me!