ബിസിസിഐ ഉപദേശക സമിതിയെ പ്രഖ്യാപിച്ചു; ആര്‍ പി സിംഗും മദന്‍ ലാലും അംഗങ്ങള്‍

By Web TeamFirst Published Jan 31, 2020, 7:13 PM IST
Highlights

ബിസിസിഐ ഉപദേശക സമിതിയിലെ പ്രായം കുറഞ്ഞ അംഗമാണ് മുന്‍ പേസറായ ആര്‍ പി സിംഗ്

മുംബൈ: മുന്‍ ഇന്ത്യന്‍ താരങ്ങളായ ആര്‍ പി സിംഗ്, മദന്‍ ലാല്‍, സുലക്ഷണ നായിക് എന്നിവര്‍ ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതിയില്‍. പുതിയ സമിതി അംഗങ്ങളെ ഇന്നാണ് ബിസിസിഐ പ്രഖ്യാപിച്ചത്. 

ഒരു വര്‍ഷമാണ് പുതിയ ക്രിക്കറ്റ് ഉപദേശക സമിതിയുടെ കാലാവധി. ദേശീയ പുരുഷ-വനിത ടീമുകളുടെ സെലക്‌ടര്‍മാരെ തെരഞ്ഞെടുക്കുക, വനിത ടീം പരിശീലകനെ കണ്ടെത്തുക എന്നിവയാണ് ക്രിക്കറ്റ് ഉപദേശക സമിതിയുടെ ചുമതല. ഇപ്പോളത്തെ പരിശീലകന്‍ ഡബ്ലൂ വി രാമന്‍റെ കാലാവധി 2020 ഡിസംബറില്‍ അവസാനിക്കുന്നതോടെ വനിത ടീമിന് പുതിയ കോച്ചിനെ കണ്ടെത്തുക സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും. 

ബിസിസിഐ ഉപദേശക സമിതിയിലെ പ്രായം കുറഞ്ഞ അംഗമാണ് മുന്‍ പേസറായ ആര്‍ പി സിംഗ്. ഇന്ത്യക്കായി 14 ടെസ്റ്റും 58 ഏകദിനങ്ങളും 10 ടി20യും കളിച്ചിട്ടുണ്ട്. 2007ല്‍ ആദ്യ ടി20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു ആര്‍ പി സിംഗ്. സമിതിയിലെ പ്രായംകൂടിയ അംഗമായ മദന്‍ ലാല്‍ 39 ടെസ്റ്റും 67 ഏകദിനങ്ങളും കളിച്ചപ്പോള്‍ 1983ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. വനിത ടീമില്‍ രണ്ട് ടെസ്റ്റും 46 ഏകദിനങ്ങളും 31 ടി20യും കളിച്ചിട്ടുണ്ട് സുലാക്ഷണ കുല്‍ക്കര്‍ണി. 

ഉപദേശക സമിതി പുതിയ സെലക്‌ടര്‍മാരെ തെരഞ്ഞെടുക്കും. മുൻതാരങ്ങളായ ലക്ഷ്‌മൺ ശിവരാമകൃഷ്ണൻ, വെങ്കടേഷ് പ്രസാദ്, അജിത് അഗാർക്കർ എന്നിവരെയാണ് എം എസ് കെ പ്രസാദിനും ഗഗൻ ഘോഡയ്‌ക്കും പകരക്കാരായി പരിഗണിക്കുന്നത്. സീനിയർ താരമായ ശിവരാമകൃഷ്‌ണൻ സെലക്ഷൻ കമ്മിറ്റി ചെയർമാനാവുമെന്നാണ് സൂചന. ഇന്ത്യക്കായി ഒൻപത് ടെസ്റ്റിലും 16 ഏകദിനത്തിലും കളിച്ച താരമാണ് ശിവരാമകൃഷ്ണൻ.

click me!