
ചെന്നൈ: ഐപിഎല്ലില്‍ തുടർച്ചയായ രണ്ടാം തോല്‍വി വഴങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സിനുള്ളിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തി മുൻ താരങ്ങളായ മൈക്കൽ വോണും സൈമൺ ഡൂളും.ടീമില്‍ സഞ്ജു സാംസണെത്തിയതോടെ ചെന്നൈ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് അസ്വസ്ഥനാണെന്നാണ് ഇരുവരും പറയുന്നത്. സ്വന്തം തട്ടകമായ ചേപ്പോക്കിൽ പഞ്ചാബ് കിംഗ്‌സിനെതിരെ നേരിട്ട തോല്‍വിക്ക് പിന്നാലെയാണ് 'ക്രിക്ബസി'ൽ നടന്ന ചർച്ചയിൽ വോണും ഡൂളും വിവാദ പരാമർശങ്ങൾ നടത്തിയത്.
രാജസ്ഥാൻ റോയൽസിൽ നിന്നും സീസണിന് മുന്നോടിയായി ട്രേഡിലൂടെയാണ് സഞ്ജു സാംസൺ ചെന്നൈയിൽ എത്തിയത്. ഗെയ്ക്‌വാദിന് സഞ്ജുവിനെ ഭയമുണ്ടോ?, തന്‍റെ നായകസ്ഥാനത്തിന് സഞ്ജു ഒരു ഭീഷണിയാണെന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടോ? എന്ന മൈക്കൽ വോണിന്‍റെ ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു സൈമൺ ഡൂളിന്‍റെ മറുപടി. ദീർഘകാലം ടീമിനെ നയിച്ച വിക്കറ്റ് കീപ്പർ-ക്യാപ്റ്റനായ ധോണിക്ക് പകരക്കാരനായി സഞ്ജുവിനെപ്പോലെ പരിചയസമ്പന്നനായ ഒരു നായകനെ കൊണ്ടുവന്നത് ഗെയ്ക്‌വാദിന് സമ്മർദ്ദമുണ്ടാക്കുമെന്ന് വോണും പറഞ്ഞു. നീയാണ് നായകൻ, ഞങ്ങൾ നിന്നെ പിന്തുണയ്ക്കുന്നു എന്ന് പറയുന്നതോടൊപ്പം തന്നെ സഞ്ജുവിനെപ്പോലൊരു മികച്ച ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ടീമിലെത്തിക്കുന്നത് ഗെയ്ക്‌വാദിനെ തിരിഞ്ഞുനോക്കാൻ പ്രേരിപ്പിക്കുമെന്നും വോണ്‍ കൂട്ടിച്ചേർത്തു.
രാജസ്ഥാൻ റോയൽസിനെ 2022-ൽ ഫൈനലിൽ എത്തിച്ച നായകനാണ് സഞ്ജു. എന്നാൽ സിഎസ്‌കെയിൽ എത്തിയ ശേഷമുള്ള ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. രണ്ട് മത്സരങ്ങളിലും രണ്ടക്കം കാണാതെ പുറത്തായ സഞ്ജു വലിയ സമ്മർദ്ദത്തിലാണെന്ന് സൈമൺ ഡൂള്‍ പറഞ്ഞു. രണ്ട് മികച്ച താരങ്ങളെ വിട്ടുനൽകിയാണ് സിഎസ്‌കെ സഞ്ജുവിനെ ടീമിലെത്തിച്ചത്. ഇത് സഞ്ജുവിന് മേൽ വലിയ ഉത്തരവാദിത്തമാണ്.കേരളത്തിൽ നിന്നുള്ള താരം എന്ന നിലയിൽ ദക്ഷിണേന്ത്യൻ ആരാധകർക്ക് മുന്നിൽ മികവ് തെളിയിക്കാനുള്ള ആഗ്രഹം സഞ്ജുവിനുണ്ടെന്നും ഡൂള്‍ പറഞ്ഞു.
ഇന്ത്യയ്ക്കായി ടി20 ലോകകപ്പിൽ കാഴ്ചവെച്ച മികച്ച ഫോമിലേക്ക് സഞ്ജു ഉടൻ തിരിച്ചെത്തേണ്ടത് അനിവാര്യമാണെന്ന് ഡൂള്‍ ഓർമ്മിപ്പിച്ചു. ചെന്നൈ ടീമിനുള്ളിലെ ഈ "ക്യാപ്റ്റൻസി ഡൈനാമിക്സ്" വരും മത്സരങ്ങളിൽ ടീമിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!