ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച ഗാരി ഗിര്‍സ്റ്റനെ പരിശീലകനാക്കാനൊരുങ്ങി പാക് ടീം

By Web TeamFirst Published Oct 28, 2021, 6:34 PM IST
Highlights

കിര്‍സ്റ്റന് പുറമെ ഓസ്ട്രേലിയൻ മുൻ താരം സൈമൺ കാറ്റിച്ചും ഇംഗ്ലണ്ട് മുൻ താരം പീറ്റർ മൂ‍ർസുമാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ പരിഗണനയിലുള്ളത്.

കറാച്ചി: മുൻ ദക്ഷിണാഫ്രിക്കൻ താരം ഗാരി കിര്‍സ്റ്റൻ(Gary Kirsten) പാക് ക്രിക്കറ്റ് ടീമിന്‍റെ( Pakistan Cricket team) മുഖ്യ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലക സ്ഥാനത്തേക്ക് കിര്‍സ്റ്റന്‍റെ പേര് പാക് ക്രിക്കറ്റ് ബോര്‍ഡ്(PCB) സജീവമായി പരിഗണിക്കുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് ആണ് റിപ്പോർട്ട് ചെയ്തത്. 2007 മുതൽ 2011 വരെ ഇന്ത്യൻ ടീമിന്‍റെ(Indian Cricket Team) മുഖ്യ പരിശീലകനായിരുന്ന കിര്‍സ്റ്റനു കീഴിലാണ് ഇന്ത്യ 2011 ലെ ഏകദിന ലോകകപ്പ് നേടിയത്.

2011ലെ ലോകകപ്പ് വിജയത്തിനുശേഷം ഇന്ത്യന്‍ ടീമിന്‍റെ പരിശീലകസ്ഥാനം രാജിവെച്ച കിര്‍സ്റ്റന്‍ പിന്നീട് രണ്ട് വര്‍ഷം ദക്ഷിണാഫ്രിക്കന്‍ ടീമിനെ പരിശീലിപ്പിച്ചു. ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറിക്കേന്‍സിനെയും ഐപിഎല്ലില്‍ 2017-2018 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും പരിശീലിപ്പിച്ചിട്ടുള്ള കിര്‍സ്റ്റന്‍ പിന്നീട് വിവിധ ടി20 ഫ്രാഞ്ചൈസികളുടെ  പിരശീലകനായി.

കിര്‍സ്റ്റന് പുറമെ ഓസ്ട്രേലിയൻ മുൻ താരം സൈമൺ കാറ്റിച്ചും ഇംഗ്ലണ്ട് മുൻ താരം പീറ്റർ മൂ‍ർസുമാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ പരിഗണനയിലുള്ളത്. കാറ്റിച്ച് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെയപം പരിശീലകനായിരുന്നു. രണ്ട് തവണ ഇംഗ്ലണ്ട് പരിശീലകനായിട്ടുള്ള മൂര്‍സ് നിലവില്‍ ഇംഗ്ലീ,് കൗണ്ടി ടീമായ നോട്ടിംഗ്ഹാംഷെയറിന്‍റെ പരിശീലകനാണ്.

പാക് ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് മുന്‍ നായകന്‍ മിസ് ബാ ഉൾ ഹഖ് പരിശീലക സ്ഥാനം രാജി വച്ചതിനെത്തുടർന്നാണ് പാക് ടീം പുതിയ കോച്ചിനെ തേടിയത്. മിസ്ബക്കൊപ്പം ബൗളിംഗ് പരിശീലകനായിരുന്ന മുന്‍ പേസര്‍ വഖാര്‍ യൂനിസും സ്ഥാനം രാജിവെച്ചിരുന്നു.

തുടര്‍ന്ന് ടി20 ലോകകപ്പില്‍ മുന്‍ താരം സഖ്‌ലിയന്‍ മുഷ്താഖിനെ താല്‍ക്കാലിക പരിശീലകനായും അബ്ദുള്‍ റസാഖിനെ ബൗളിംഗ് പരിശീലകനായും നിയമിച്ച പാക് ക്രിക്കറ്റ് ബോര്‍ഡ് ഓസ്ട്രേലിയന്‍ മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡനെ ബാറ്റിംഗ് കണ്‍സള്‍ട്ടന്‍റായും മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെര്‍നോണ്‍ ഫിലാന്‍ഡറെ ബൗളിംഗ് കണ്‍സള്‍ട്ടന്‍റായും നിയമിച്ചിരുന്നു.

മുന്‍ നായകന്‍ റമീസ രാജയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ബോര്‍ഡുമായി അഭിപ്രായഭിന്നതകളെത്തുടര്‍ന്നാണ് മിസ്ബ ലോകകപ്പിന് തൊട്ടു മുമ്പ് പരിശീലകസ്ഥാനം രാജിവെച്ചത്. ടി20 ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയെയും ന്യൂസിലന്‍ഡിനെയും തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ സെമി സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.

click me!