
ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SAvIND) ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ് ജസ്പ്രിത് ബുമ്ര (Jasprit Bumrah). മൂന്നാം ടെസ്റ്റ് കളിക്കുന്ന 28കാരന്‍ ഇതുവരെ 11 വിക്കറ്റുകള്‍ വീഴ്ത്തി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കേപ്ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സില്‍ താരം അഞ്ച് പേരെ പുറത്താക്കിയിരുന്നു. ഇന്ത്യക്ക് 13 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നല്‍കിയതും ബുമ്രയുടെ പ്രകടനമാണ്. മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍, ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ ബുമ്രയുടെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റയ്ക്ക് (Ashish Nehra) മറ്റൊരു അഭിപ്രായമുണ്ട്. ബുമ്രയുടെ പ്രകടനത്തെ മാനിക്കുമ്പോഴും മുഹമ്മദ് ഷമിയുടെ (Mohammed Shami) പ്രകടനം കണ്ടില്ലെന്ന് നടിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. നെഹ്‌റ പറയുന്നതിങ്ങനെ... ''ബുമ്ര മതിപ്പുളവാക്കുന്ന പ്രകടനം നടത്തുന്നുവെന്നത് ശരിയാണ്. അതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ഞാന്‍ പറയുന്നത് ബുമ്രയോളും കഴിവുള്ള മറ്റു ബൗളര്‍മാര്‍ ടീമിലുണ്ടെന്നുള്ളാണ്. അതിനൊരു ഉദാഹരണമാണ് ബുമ്രയുടെ സഹതാരമായ ഷമി.
അദ്ദേഹത്തിന്റെ ശരിയായ കണക്കുകള്‍ എത്രയെന്ന് എനിക്കറിയില്ല. എന്നാല്‍ ഇവരില്‍ മികച്ചതാരെന്ന് എന്നോട് ചോദിച്ചാല്‍ ഒരാളെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടാകും. എതിര്‍ടീമിലെ വിക്കറ്റുകളെടുത്ത് മത്സരം പൂര്‍ത്തിയാക്കാന്‍ ഷമിക്ക് കഴിയാറുണ്ട്. സെറ്റായ ബാറ്റ്‌സ്മാനെ പുറത്താക്കാനുള്ള കഴിവും ഷമിക്കുണ്ട്. അവന്റെ സ്ഥാനമൊരിക്കലും ഷമിയുടെ പിറകിലല്ല.'' നെഹ്‌റ പറഞ്ഞു.
ഷമി മാത്രമല്ല, ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറും ബുമ്രയുടെ കഴിവിനടുത്താണെന്നാണ് നെഹ്‌റ പറയുന്നത്. ''ആര്‍ച്ചറുടെ കാര്യത്തിലും എനിക്ക് കണക്കുകള്‍ വ്യക്തമായി അറിയില്ല. എന്നാല്‍ ഫോമിന്റെ പാരമ്യത്തിലെത്തിയാല്‍ ആര്‍ച്ചറും ബുമ്രയ്‌ക്കൊപ്പം നില്‍ക്കും. എന്നാല്‍ ലോകത്തിലെ മികച്ച ബൗളര്‍മാരുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ബുമ്രയുണ്ടാകും. ഇനിയത് വെട്ടിച്ചുരുക്കിയില്‍ പോലും ബുമ്രയുടെ പേര് ഒഴിവാക്കാനാവില്ല.'' നെഹ്‌റ പറഞ്ഞുനിര്‍ത്തി.
പരമ്പരയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍ ഷമിയാണ്. മുന്ന് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് ഷമിയെടുത്. ബുമ്രയുടെ അക്കൗണ്ടില്‍ 11 വിക്കറ്റുകളാണുള്ളത്.