SA vs IND: ദക്ഷിണാഫ്രിക്കക്ക് ലീഡ്, ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടം; വാണ്ടറേഴ്സ് ടെസ്റ്റില്‍ ആവേശപ്പോര്

By Web TeamFirst Published Jan 4, 2022, 9:24 PM IST
Highlights

ദക്ഷിണാഫ്രിക്കയുടെ ലീഡ് 27 റണ്‍സില്‍ ഒതുക്കാനായതിന്‍റെ ആവേശത്തില്‍ രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ലീഡ് മറികടക്കും മുമ്പെ ഇന്ത്യക്ക് രാഹുലിനെ നഷ്ടമായി.

ജൊഹന്നസ്‌ബര്‍ഗ്: വാണ്ടറേഴ്‌സിലെ രണ്ടാം ടെസ്റ്റില്‍ (South Africa vs India 2nd Test) ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടം. 27 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെടുത്തിട്ടുണ്ട്. 35 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും(Cheteshwar Pujara) 11 റണ്‍സോടെ അജിങ്ക്യാ രഹാനെയും(Ajinkya Rahane) ക്രീസില്‍. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെയും(KL Rahul) മായങ്ക് അഗര്‍വാളിന്‍റെയും(Mayank Agarwal) വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. ഡുനേന്‍ ഒലിവറിനും മാര്‍ക്കോ ജാന്‍സണുമാണ് വിക്കറ്റ്.

തുടക്കത്തില്‍ ഇന്ത്യ ഞെട്ടി

ദക്ഷിണാഫ്രിക്കയുടെ ലീഡ് 27 റണ്‍സില്‍ ഒതുക്കാനായതിന്‍റെ ആവേശത്തില്‍ രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ലീഡ് മറികടക്കും മുമ്പെ ഇന്ത്യക്ക് രാഹുലിനെ നഷ്ടമായി. എട്ടു റണ്‍സെടുത്ത രാഹുലിനെ മാര്‍ക്കോ ജാന്‍സണ്‍ സ്ലിപ്പില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ കൈകളിലെത്തിച്ചു. അധികം വൈകാതെ ടീം സ്കോര്‍ 44ല്‍ നില്‍ക്കെ ഇന്ത്യക്ക് മായങ്കിനെയും നഷ്ടമായി.

ഒലിവറിന്‍റെ പന്തില്‍ ബാറ്റ് വെക്കാതെ വിട്ട മായങ്ക് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 17 റണ്‍സ് ലീഡില്‍ രണ്ട് വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യയെ ചേതേശ്വര്‍ പൂജാരയുടെ ആക്രമണോത്സുക ബാറ്റിംഗാണ് രക്ഷിച്ചത്. പതിവുരീതിവിട്ട് ആക്രമിച്ചു കളിച്ച പൂജാര 42 പന്തിലാണ് ഏഴ് ബൗണ്ടറിയുള്‍പ്പെടെ 35 റണ്‍സടിച്ചത്. ദക്ഷിണാഫ്രിക്കന്‍ പേസ് പടക്കു മുന്നില്‍ വിറച്ചെങ്കിലും പിടിച്ചു നിന്ന രഹാനെയും പൂജാരക്ക് പിന്തുണ നല്‍കിയതോടെ ഇന്ത്യ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 85 റണ്‍സിലെത്തി.

വാണ്ടറേഴ്സ് വണ്ടറായി ഷര്‍ദ്ദുല്‍

നേരത്തെ 35-1 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ(Shardul Thakur) മാസ്മരിക ബൗളിംഗാണ് 227ല്‍ ഒതുക്കിയത്. 61 റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റെടുത്ത ഷര്‍ദ്ദുല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗാണ് പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാറിനെ വീഴ്ത്തിയാണ് ഷര്‍ദ്ദുല്‍ തന്‍റെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 120 പന്ത് പ്രതിരോധിച്ച് 28 റണ്‍സെടുത്ത എല്‍ഗാറിനെ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.

അര്‍ധ സെഞ്ചുറിക്ക് പിന്നാലെ കീഗൻ പീറ്റേഴ്‌സണെ(62) ഠാക്കൂര്‍ സ്ലിപ്പില്‍ മായങ്കിന്‍റെ കൈകളിലാക്കി. നാലാമനായെത്തിയ റാസീ വാന്‍ ഡെര്‍ ഡെസ്സനെയും(1) ഠാക്കൂര്‍ മടക്കിയതോടെ ദക്ഷിണാഫ്രിക്ക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.  ഇന്നലെ എയ്‌ഡന്‍ മാര്‍ക്രമിനെ(7) ഷമി പുറത്താക്കിയിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ 103-4 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക.

രക്ഷകനായി ബാവുമ, വീണ്ടും ഠാക്കൂറിന്‍റെ ഇരട്ടപ്രഹരം

കൂട്ടത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്ന ദക്ഷിണാഫ്രിക്കയെ അഞ്ചാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ തെംബാ ബാവുമ-കെയ്ല്‍ വെരേനെ സഖ്യമാണ് കരകയറ്റിയത്. 102-4 എന്ന സ്കോറില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഇരുവരും ദക്ഷിണാഫ്രിക്കയെ 162 റണ്‍സിലെത്തിച്ചു. ഇന്ത്യക്ക് ഭീഷണിയായി വളര്‍ന്ന കൂട്ടുകെട്ട് പൊളിച്ചതും ഷര്‍ദ്ദുലാണ്. ആദ്യം വെരേനെയെ(21) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഷര്‍ദ്ദുല്‍ അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ ബാവുമയെ(51) വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലേക്ക് അയച്ചു. ഇരുവരും പുറത്തായതിന് പിന്നാലെ കാഗിസോ റബാഡയെ(0)ന് മടക്കി മുഹമ്മദ് ഷമിയും ദക്ഷിണാഫ്രിക്കയുടെ പതനത്തിന് ആക്കം കൂട്ടി.

179-7ലേക്ക് വീണ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ലീഡ് മോഹിച്ചെങ്കിലും കേശവ് മഹാരാജും ജാന്‍സണും ചേര്‍ന്ന് അവരെ ചായക്ക് പിരിയുമ്പോള്‍ 191ല്‍ എത്തിച്ചു. ചായക്കുശേഷം മാര്‍ക്കോ ജാന്‍സണും കേശവ് മഹാരാജും പ്രതിരോധിച്ചു നിന്നതോടെ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 229ല്‍ എത്തി. ഒടുവില്‍ ജാന്‍സണെയും എന്‍ഗിഡിയെയും തുടര്‍ച്ചയായ പന്തുകളില്‍ മടക്കി ഷര്‍ദ്ദുല്‍ തന്നെയാണ് ദകഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഇന്ത്യക്കായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍  ഏഴും മുഹമ്മദ് ഷമി രണ്ടും വിക്കറ്റെടുത്തപ്പോള്‍ ബുമ്ര ഒരു വിക്കറ്റെടുത്തു. മുഹമ്മദ് സിറാജിനും ആര്‍ അശ്വിനും വിക്കറ്റൊന്നും വീഴ്ത്താനായില്ല.

ആദ്യദിനം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 202 റൺസിന് പുറത്തായിരുന്നു. 50 റൺസെടുത്ത നായകൻ കെ എൽ രാഹുലാണ് ടോപ് സ്കോറർ. ചേതേശ്വർ പൂജാര മൂന്നും അജിങ്ക്യ രഹാനെ പൂജ്യത്തിനും പുറത്തായപ്പോള്‍ ഏഴാമനായിറങ്ങി 50 പന്തില്‍ 46 റണ്‍സെടുത്ത ആര്‍ അശ്വിന്‍റെ പ്രകടനം നിര്‍ണായകമായി. മായങ്ക് അഗര്‍വാള്‍(28), ഹനുമാ വിഹാരി(20), റിഷഭ് പന്ത്(17), ഷര്‍ദ്ദുല്‍ ഠാക്കൂര്‍(0), മുഹമ്മദ് ഷമി(9), ജസ്‌പ്രീത് ബുമ്ര(14), മുഹമ്മദ് സിറാജ്(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.

click me!