SA vs IND: റൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച് സിറാജ്, പ്രതികരണവുമായി പ്രീമിയര്‍ ലീഗ്

Published : Dec 29, 2021, 04:25 PM IST
SA vs IND: റൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച് സിറാജ്, പ്രതികരണവുമായി പ്രീമിയര്‍ ലീഗ്

Synopsis

ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാറെ ബുമ്ര പുറത്താക്കിയതിന് പിന്നാലെ ഏയ്ഡന്‍ മാര്‍ക്രത്തെയും കീഗാന്‍ പീറ്റേഴ്സണെയും മടക്കി ഷമി ഇരട്ട പ്രഹരമേല്‍പ്പിച്ചതിന് പിന്നാലെ റാസി വാന്‍ഡര്‍ ഡസ്സനെ സ്ലിപ്പില്‍ രഹാനെയുടെ കൈകകളിലെത്തിച്ചാണ് മുഹമ്മദ് സിറാജും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായത്.

സെഞ്ചൂറിയന്‍: സെഞ്ചൂറിയനില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റിന്‍റെ(SA vs IND) രണ്ടാം ദിനം മഴമൂലം പൂര്‍ണമായും നഷ്ടമായപ്പോള്‍ മൂന്നാം ദിനം ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും പേസര്‍മാര്‍ക്ക് അവകാശപ്പെട്ടതായിരുന്നു. ഇരു ടീമുകളുടേതായി 18 വിക്കറ്റുകളാണ് മൂന്നാം ദിനം സെഞ്ചൂറിയനില്‍ നിലം പൊത്തിയത്. ഇതെല്ലാം സ്വന്തമാക്കിയത് പേസര്‍മാരും.

ദക്ഷിണാഫ്രിക്കക്കായി ലുങ്കി എന്‍ഗിഡി(Lungi Engidi)  ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കാഗിസോ റബാദ(Rabada) മൂന്ന് വിക്കറ്റെടുത്തു. ഇന്ത്യന്‍ നിരയിലും പേസര്‍മാരാണ് വിക്കറ്റുകള്‍ മുഴുവന്‍ സ്വന്തമാക്കിയത്. മുഹമ്മദ് ഷമി(Mohammed Shami) അഞ്ച് വിക്കറ്റ് വീഴ്ത്തി 200 വിക്കറ്റ് ക്ലബ്ബിലെത്തിയപ്പോള്‍ ഷര്‍ദ്ദുല്‍ ഠാക്കൂറും ജസ്പ്രീത് ബുമ്രയും രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് സിറാജ്(Mohammed Siraj) ഒരു വിക്കറ്റുമെടുത്തു. ഇടക്ക് ബുമ്ര കാലിന് പരിക്കേറ്റ് മടങ്ങിയതോടെ ഇന്ത്യന്‍ പേസാക്രമണത്തിന്‍റെ ചുക്കാന്‍ പിടിച്ചത് ഷമിയും സിറാജുമായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാറെ ബുമ്ര പുറത്താക്കിയതിന് പിന്നാലെ ഏയ്ഡന്‍ മാര്‍ക്രത്തെയും കീഗാന്‍ പീറ്റേഴ്സണെയും മടക്കി ഷമി ഇരട്ട പ്രഹരമേല്‍പ്പിച്ചതിന് പിന്നാലെ റാസി വാന്‍ഡര്‍ ഡസ്സനെ സ്ലിപ്പില്‍ രഹാനെയുടെ കൈകകളിലെത്തിച്ചാണ് മുഹമ്മദ് സിറാജും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായത്. വാന്‍ഡര്‍ ഡസ്സനെ പുറത്താക്കിയ ശേഷം പതിവ് ആഘോഷം വിട്ട് സിറാജ് നടത്തിയ ആഘോഷപ്രകടനം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളാഘോഷം പോലെ വായുവിലേക്ക് ഉയര്‍ന്നുചാടി ലാന്‍ഡ് ചെയ്തായിരുന്നു സിറാജും വിക്കറ്റ് നേട്ടം ആഘോഷിച്ചത്. സിറാജിന്‍റെ ആഘോഷം എന്തായാലും പ്രീമിയര്‍ ലീഗിനും നന്നേ ബോധിച്ചു. സിറാജിന്‍റെ വിക്കറ്റ് ആഘോഷത്തിന്‍റെ ചിത്രം ട്വീറ്റ് ചെയ്ത റൊണാള്‍ഡോയുടെ ഗോളാഘോഷം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ ക്യാംപിലുമെത്തിയെന്നായിരുന്നു പ്രീമിയര്‍ ലീഗിന്‍റെ ഔദ്യോഗിക ട്വീറ്റ്.

ദക്ഷിണാഫ്രിക്കയെ 197 റണ്‍സിന് എറിഞ്ഞിട്ട് 130 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെന്ന നിലയിലാണിപ്പോള്‍. ഏഴ് വിക്കറ്റും അഞ്ച് സെഷനും കൈയിലിരിക്കെ ഇന്ത്യക്കിപ്പോള്‍ 209 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്