SA vs IND: കേപ്‌ടൗണ്‍ ടെസ്റ്റിലെ പ്ലേയിംഗ് ഇലവനെക്കുറിച്ച് സൂചന നല്‍കി ദ്രാവിഡ്

By Web TeamFirst Published Jan 7, 2022, 7:57 PM IST
Highlights

ആദ്യം തന്നെ പറയട്ടെ വാണ്ടറേഴ്സ് ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും വിഹാരി മനോഹരമായി ബാറ്റ് ചെയ്തു. ആദ്യ ഇന്നിംഗ്സില്‍ അപ്രതീക്ഷിതമായി കുത്തി ഉയര്‍ന്ന പന്തിലാണ് അദ്ദേഹം പുറത്തായത്. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ അദ്ദേഹം മനോഹരമായി കളിച്ചു. അത് ഞങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

കേപ്‌ടൗണ്‍: കേപ്‌ടൗണില്‍ തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) പ്ലേയിംഗ് ഇലവനെക്കുറിച്ച്(Playing XI, ) സൂചന നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്(Rahul Dravid). ഫോമിലല്ലാത്ത അജിങ്ക്യാ രഹാനെക്കും(Ajinkya Rahane) ചേതേശ്വര്‍ പൂജാരക്കും(Cheteshwar Pujara) പകരക്കാരായി ശ്രേയസ് അയ്യരും(Shreyas Iyer) ഹനുമാ വിഹാരിയും(Hanuma Vihari) കളിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കവെയാണ് ദ്രാവിഡ് പ്ലേയിംഗ് ഇലവനെക്കുറിച്ച് സൂചന നല്‍കിയത്.

വാണ്ടറേഴ്സ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന വിഹാരി ഇന്ത്യന്‍ ലീഡ് 239 ല്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. അടുത്ത ടെസ്റ്റില്‍ ക്യാപ്റ്റന്‍ കോലി മടങ്ങിയെത്തുമ്പോള്‍ വിഹാരിയോ രഹാനെയോ പുറത്തുപോകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യത്തോട് ദ്രാവിഡ് പ്രതികരിച്ചു.

വിഹാരിയും ശ്രേയസും കാത്തിരിക്കണം

ആദ്യം തന്നെ പറയട്ടെ വാണ്ടറേഴ്സ് ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും വിഹാരി മനോഹരമായി ബാറ്റ് ചെയ്തു. ആദ്യ ഇന്നിംഗ്സില്‍ അപ്രതീക്ഷിതമായി കുത്തി ഉയര്‍ന്ന പന്തിലാണ് അദ്ദേഹം പുറത്തായത്. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ അദ്ദേഹം മനോഹരമായി കളിച്ചു. അത് ഞങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

അതുപോലെ തന്നെയാണ് ശ്രേയസ് അയ്യരുടെ കാര്യവും. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ അവസരം ലഭിച്ചപ്പോള്‍ ശ്രേയസും മികവ് കാട്ടി. കിട്ടുന്ന അവസരങ്ങളിലെല്ലാം മികവു കാട്ടുന്ന ഇവര്‍ മധ്യനിരയിലെ സ്ഥിരം സ്ഥാനത്തിനായി കുറച്ചു കൂടി കാത്തിരിക്കേണ്ടിവരും. അവരുടെ സമയം വരുമെന്നുതന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതിനര്‍ത്ഥം അടുത്ത മത്സരത്തില്‍ കോലി തിരിച്ചെത്തുമ്പോള്‍ ശ്രേയസിനെയും വിഹാരിയെയും രഹാനെക്കും  പൂജാരക്കും പകരക്കാരായി പരിഗണിക്കുമെന്നല്ല.

ഞാന്‍ കളിക്കുന്ന കാലത്തും ഇന്ത്യയുടെ മധ്യനിര ഇതുപോലെ മികവുറ്റ കളിക്കാരെക്കൊണ്ട് സമ്പന്നമായിരുന്നു. അന്ന് ടീമിലെ സ്ഥിരം സ്ഥാനത്തിനായി കാത്തിരുന്നവരാണ് കോലിയും പൂജാരയും രഹാനെയുമെല്ലാം. അതുകൊണ്ടുതന്നെ മധ്യനിരയില്‍ സ്ഥാനമുറപ്പിക്കാന്‍ വിഹാരിയും ശ്രേയസുമെല്ലാം ഒന്നോ രണ്ടോ വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും. നിലവിലെ ടീമിലെ സീനിയര്‍ താരങ്ങളെ എടുത്താല്‍ അവരും കരിയറിന്‍റെ തുടക്കത്തില്‍ റണ്‍സടിച്ചുകൂട്ടിയിട്ടും ടീമിലെ സ്ഥിരം മുഖമാവാന്‍ അവരുടെ സമയത്തിനായി ഏറെനാള്‍ കാത്തിരുന്നവരാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറ മാറ്റത്തിന് കൃത്യമായ പദ്ധതികളുണ്ടാവുമെന്നും ദ്രാവിഡ് സൂചിപ്പിച്ചു.

വാണ്ടറേഴ്സ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയ പൂജാരയും രഹാനെയും കേപ്‌ടൗണ്‍ ടെസ്റ്റിലും പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമെന്നാണ് ദ്രാവിഡിന്‍റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. വിരാട് കോലി തിരിച്ചെത്തുമ്പോള്‍ ഹനുമാ വിഹാരി പുറത്തുപോകാനാണ് സാധ്യത. അതേസമയം, പേശിവലിവില്‍ നിന്ന് പൂര്‍ണമായും മുക്തനാവാത്ത പേസ് ബൗളര്‍ മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റില്‍ കളിക്കാനുള്ള സാധ്യത കുറവാണ്. സിറാജിന്‍റെ അഭാവത്തില്‍ ഉമേഷ് യാദവോ ഇഷാന്ത് ശര്‍മയോ ടീമിലെത്തിയേക്കും.

അശ്വിന്‍ പന്തെറിഞ്ഞതിനെ ന്യായീകരിച്ച് ദ്രാവിഡ്

നാലാം ദിനം തുടക്കത്തില്‍  മൂടിക്കെട്ടി അന്തരീക്ഷമായിരുന്നിട്ടും അശ്വിനെക്കൊണ്ട് തുടക്കത്തിലെ പന്തെറിയിക്കാനുള്ള തീരുമാനത്തെയും ദ്രാവിഡ് ന്യായീകരിച്ചു. ഔട്ട് ഫീല്‍ഡ് നനഞ്ഞിരിക്കുന്നതിനാല്‍ നനഞ്ഞ പന്തുകൊണ്ട് പിന്നീട് പന്തെറിയുക അശ്വിന് ബുദ്ധിമുട്ടാവും. നനവില്ലാത്ത പന്തുകൊണ്ട് അശ്വിനെക്കൊണ്ട് പന്തെറിയിക്കുക എന്നതായിരുന്നു പദ്ധതി. മൂന്നാം ദിനം അവസാനം അശ്വിന്‍റെ പന്തുകള്‍ക്ക് ടേണ്‍ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ നാലാം ദിനം അശ്വിനെ തുടക്കത്തിലെ പരീക്ഷിച്ചത്.

click me!