SA vs IND: വാഷിംഗ്‌ടണ്‍ സുന്ദറിന് കൊവിഡ്, ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമാവും

By Web TeamFirst Published Jan 11, 2022, 5:42 PM IST
Highlights

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള 18 അംഗ ടീമിലുള്ള സുന്ദര്‍ ഇപ്പോള്‍ ബെംഗലൂരുവിലാണുള്ളത്. സുന്ദറിന്‍റെ പകരക്കാരനെ ബിസിസിഐ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കുമൂലം ഏറെക്കാലമായി ടീമില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് സുന്ദര്‍.

ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള(SA vs IND) ഇന്ത്യന്‍ ടീം അംഗമായ സ്പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറിന്(Washington Sundar) കൊവിഡ് (Covid 19)സ്ഥിരീകരിച്ചു.  ഏകദിന പരമ്പരക്കുള്ള ടീം ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കാനിരിക്കെയാണ് സുന്ദറിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സുന്ദറിന് 19ന് തുടങ്ങുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര പൂര്‍ണമായും നഷ്ടമായേക്കും.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള 18 അംഗ ടീമിലുള്ള സുന്ദര്‍ ഇപ്പോള്‍ ബെംഗലൂരുവിലാണുള്ളത്. സുന്ദറിന്‍റെ പകരക്കാരനെ ബിസിസിഐ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കുമൂലം ഏറെക്കാലമായി ടീമില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് സുന്ദര്‍.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി വിരലിനേറ്റ പരിക്കുമൂലം യുഎഇയില്‍ നടന്ന ഐപിഎല്ലിന്‍റെ രണ്ടാം പാദത്തിലും ടി20 ലോകകപ്പിലും കളിക്കാന്‍ സുന്ദറിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ച സുന്ദര്‍ 16 വിക്കറ്റും 148 റണ്‍സും നേടി തിളങ്ങിയിരുന്നു. ഇതാണ് ഏകദിന ടീമിലേക്ക് വീണ്ടും വിളിയെത്താന്‍ കാരണം.

ഈ മാസം 19ന് പാളിലെ ബൊളാണ്ട് പാര്‍ക്കിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം ഏകദിനവും ഇതേവേദിയില്‍ 21ന് നടക്കും. 23ന് കേപ്ടൗണിലാണ് മൂന്നാം ഏകദിനം.

click me!