ലോക്‌ഡൗണില്‍ ജോലി പോയതിന് പിന്നാലെ സച്ചിന്റെ അപരന് കൊവിഡും

By Web TeamFirst Published Jun 24, 2020, 8:40 PM IST
Highlights

മുംബൈയിലെ ഒരു ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ ബ്രാന്‍ഡ് അംബാസഡറായി ജോലി നോക്കുകയായിരുന്ന ബല്‍വീറിന് കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ജോലി നഷ്ടമായി.

മുംബൈ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അപരനെന്നാണ് പഞ്ചാബുകാരന്‍ ബല്‍വീര്‍ ചന്ദ് അറിയപ്പെട്ടിരുന്നത്. സച്ചിന്‍ കളിച്ചിരുന്ന കാലത്ത് സ്റ്റേഡിയങ്ങളില്‍ കളി കാണാനെത്തുന്ന ബല്‍വീര്‍ ക്യാമറകളുടെയും ആരാധകരുടെയും ഓമനയായിരുന്നു. എന്നാല്‍ ലോകമാകെ വ്യാപിച്ച കൊവിഡ് മഹാമാരി ബല്‍വീറിന് സമ്മാനിച്ചത് ദുരിതങ്ങള്‍ മാത്രമാണ്.

മുംബൈയിലെ ഒരു ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ ബ്രാന്‍ഡ് അംബാസഡറായി ജോലി നോക്കുകയായിരുന്ന ബല്‍വീറിന് കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ജോലി നഷ്ടമായി. ഇതോടെ സ്വന്തം നാടായ പഞ്ചാബിലേക്ക് മടങ്ങിയ ബല്‍വീറിന് അവിടെയെത്തിയശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് വൈറസ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.

ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ മുംബൈയിലെ ഫാസ്റ്റ് ഫുഡ് ശൃംഖല ബല്‍വീറിനോട് നിര്‍ബന്ധിത അവധിയില്‍ പോവാന്‍ നിര്‍ദേശിച്ചിരുന്നു. കുറച്ചുകാലം കൂടി മുംബൈയില്‍ തങ്ങിയ ബല്‍വീര്‍ ഈ മാസം 10നാണ് ജന്‍മനാടായ പഞ്ചാബിലെ ഷാലോണ്‍ ഗ്രാമത്തിലെത്തിയത്.  ഇവിടെയെത്തി നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ബല്‍വീറിനെ ആശുപത്രിയിലേക്ക് മാറ്റി.

1999ലെ ഇന്ത്യയുടെ ടെസ്റ്റ് മത്സരത്തിനിടെ, ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ കമന്ററി ബോക്സിലേക്ക് ക്ഷണിച്ചതോടെയാണ് സച്ചിന്റെ അപരനെന്ന നിലയില്‍ ബല്‍വീര്‍ പ്രശസ്തനായത്. പിന്നീട് താജ് ഹോട്ടലില്‍ സച്ചിനുമായി ബല്‍വീര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സച്ചിനെ കാണാനായി പോവുമ്പോള്‍ ഓട്ടോഗ്രാഫ് വാങ്ങാനായി ആറ് ഫോട്ടോയും താന്‍ കൈവശം കരുതിയിരുന്നുവെന്ന് ബല്‍വീര്‍ പറഞ്ഞു.

ഓട്ടോഗ്രാഫിനായി ഫോട്ടോകള്‍ നല്‍കിയപ്പോള്‍ സച്ചിന്‍ തിരക്കിട്ട് അതിലെല്ലാം ഒപ്പിട്ട് നല്‍കി. അദ്ദേഹത്തിന്റെ ഫോട്ടോ ആണെന്ന് കരുതിയാണ് ഒപ്പിട്ടതെങ്കിലും ഒപ്പിട്ടശേഷം ഞാന്‍ സച്ചിനോട് പറഞ്ഞു, ഇതെല്ലാം എന്റെ ഫോട്ടോ ആണെന്ന്, അതുകേട്ട് സച്ചിന്‍ അത്ഭുതത്തോടെ കണ്ണുമിഴിച്ചു-ബല്‍വീര്‍ പറഞ്ഞു.  

സച്ചിന്റെ അപരനായി പല പരസ്യങ്ങളിലും ബല്‍വീര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  ബോളിവുഡ് സിനിമകളിലും മുഖം കാട്ടിയിട്ടുള്ള ബല്‍വീര്‍ മുംബൈയില്‍ കടകളുടെ ഉദ്ഘാടനത്തിനും പോവാറുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും രാഷ്ട്രീയ പാര്‍ട്ടികള്‍ ബല്‍വീറിനെ ഉപയോഗിക്കാറുണ്ട്.

സച്ചിന്റെ മുഖം തനിക്ക് ഏറെ പ്രശസ്തി നല്‍കിയെന്ന് പറയുന്ന ബല്‍വീര്‍ പക്ഷെ പണം മാത്രം നല്‍കിയില്ലെന്നും വ്യക്തമാക്കി. എങ്കിലും എഴുത്തിലൂടെയും സംഗീതസംവിധാനം നിര്‍വഹിച്ചും സ്വന്തം പ്രയത്നം കൊണ്ട് ജീവിതം തിരിച്ചുപിടിക്കുമെന്നും ബല്‍വീര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

click me!