
ജയ്പൂര്‍: ഐപിഎല്‍ ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ച് സായ് സുദര്‍ശന്‍. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 39 റണ്‍സ് നേടിയതോടെയാണ് ഓറഞ്ച് ക്യാപ്പ് വീണ്ടും സായിയുടെ തലയില്‍ വന്നത്. മത്സരത്തിന് മുമ്പ് വിരാട് കോലിയായിരുന്നു ക്യാപ്പിന് ഉടമ. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സായിക്ക് ഇപ്പോള്‍ 456 റണ്‍സായി. 50.67 ശരാശരിയും 150.00 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള കോലിയേക്കാള്‍ 13 റണ്‍സ് മുന്നിലാണ് ജയ്‌സ്വാള്‍. 10 മത്സരങ്ങളില്‍ നിന്ന് 443 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 63.29 ശരാശരിയുണ്ട് കോലിക്ക്. 138.87 സ്‌ട്രൈക്ക് റേറ്റും.
10 മത്സരങ്ങളില്‍ 61 റണ്‍സ് ശരാശരിയുടേയും 169.44 സ്‌ട്രൈക്ക് റേറ്റിന്റെയും പിന്‍ബലത്തില്‍ 427 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. അതേസമയം നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ നാലാം സ്ഥാനത്തെത്തി. 10 മത്സരങ്ങളില്‍ 426 റണ്‍സാണ് സമ്പാദ്യം. ഇന്നലെ ഗുജറാത്തിനെതിരെ പുറത്താവാതെ 70 റണ്‍സ് നേടിയതോടെയാണ് ജയ്‌സ്വാള്‍ നാലാമതെത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്‌ലര്‍ അഞ്ചാം സ്ഥാനത്തുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെ പുറത്താവാതെ 50 റണ്‍സ് നേടിയിരുന്നു ബട്‌ലര്‍. ഒമ്പത് മത്സരങ്ങളില്‍ 406 റണ്‍സാണ് ബട്‌ലര്‍ നേടിയത്.
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നിക്കോളാസ് പുരാന്‍ ആറാം സ്ഥാനത്തേക്കിറങ്ങി. 10 മത്സരങ്ങളില്‍ 404 റണ്‍സാണ് പുരാന്‍ നേടിയത്. ശുഭ്മാന്‍ ഗില്‍ (389), മിച്ചല്‍ മാര്‍ഷ് (378), കെ എല്‍ രാഹുല്‍ (364), എയ്ഡന്‍ മാര്‍ക്രം (335) എന്നിവര്‍ യഥാക്രമം ഏഴ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി റോയല്‍സ്
വിദൂരമെങ്കിലും ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതാരയ വിജയത്തോടെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി രാജസ്ഥാന്‍. 10 മത്സരങ്ങില്‍ നിന്ന് ആറ് പോയിന്റാണ് രാജസ്ഥാനുള്ളത്. മൂന്ന് ജയും ഏഴ് തോല്‍വിയും. സണ്‍റൈസേഴസ്് ഹൈദരാബാദിനും ആറ് പോയിന്റാണ് ഉള്ളതെങ്കിലും നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാന് താഴെയാണ്. മാത്രമല്ല, ഒമ്പത് മത്സരമാണ് അവര്‍ കളിച്ചിട്ടുള്ളത്. ഒമ്പത് മത്സരങ്ങളില്‍ നാല് പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അവസാന സ്ഥാനത്ത്.
അതേസമയം, രാജസ്ഥാനോട് തോറ്റ ഗുജറാത്ത് ടൈറ്റന്‍സ് മൂന്നാം സ്ഥാനത്താണ്. ഒമ്പത് മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്ക്. 10 മത്സരങ്ങളില്‍ 14 പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഘളൂരു ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് ജയവും മൂന്ന് തോല്‍വിയുമാണ് ആര്‍സിബിക്ക്. തൊട്ടുപിന്നില്‍ മുംബൈ ഇന്ത്യന്‍സ്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ ആറെണ്ണം ജയിച്ചപ്പോള്‍ നാല് മത്സരങ്ങള്‍ പരാജയപ്പെട്ടു. അവസാന അഞ്ച് മത്സരങ്ങളിലും ജയിച്ച മുംബൈക്ക് 12 പോയിന്റാണുള്ളത്. അവര്‍ക്ക് പിന്നില്‍ ഗുജറാത്ത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!