
ലഖ്നൗ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ ല്ഖനൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെ എല്‍ രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക ശകാരിച്ചതിനെക്കുറിച്ച് പ്രതികരിച്ച് ടീമിന്‍റെ സഹപരിശീലകന്‍ ലാന്‍സ് ക്ലൂസ്നര്‍.ഒരു ക്രിക്കറ്റ് ആരാധകന്‍റെ രോഷപ്രകടനം മാത്രമായിരുന്നു അതെന്നും ചായക്കോപ്പയിലെ കൊടുങ്കാറ്റായി അതിനെ കണ്ടാല്‍ മതിയെന്നും ക്ലൂസ്നര്‍ പറഞ്ഞു.
ടീം ഉടമ ക്യാപ്റ്റനോട് പരസ്യമായി ചൂടേറിയ ചര്‍ച്ച നടത്തുന്നതില്‍ തെറ്റൊന്നും കാണുന്നില്ലെന്നും രണ്ട് ക്രിക്കറ്റ് ആരാധകര്‍ തമ്മിലുള്ള ചര്‍ച്ചയായി അതിനെ കണ്ടാല്‍ മതിയെന്നും ക്ലൂസ്നര്‍ വ്യക്തമാക്കി.രണ്ട് ക്രിക്കറ്റ് ആരാധകര്‍ ഇതുപോലെ ചൂടേറിയ ചര്‍ച്ച നടത്താറില്ലെ.അതൊന്നും വലിയ വിഷമയമല്ല. ഞങ്ങളെ സംബന്ധിച്ച് ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. കാരണം, ചര്‍ച്ചകള്‍ ഞങ്ങള്‍ക്കിഷ്ടമാണ്.അങ്ങനെ ടീം മെച്ചപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്.അതുകൊണ്ട് തന്നെ ഇതൊന്നും ഞങ്ങള്‍ക്ക് വലിയ സംഭവമല്ലെന്നും ക്ലൂസ്നര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നാളെ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനിറങ്ങുകയാണ്. അവേശേഷിക്കുന്ന രണ്ട് കളികളും ജയിച്ചാല്‍ 12 പോയിന്‍റുള്ള ലഖ്നൗവിന് ഇപ്പോഴും പ്ലേ ഓഫ് സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന ഹൈദരാബാദിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദ് 9.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി ആരാധകരെ ഞെട്ടിച്ചിരുന്നു. സ്ലോ പിച്ചില്‍ പൊരുതാവുന്ന സ്കോറാണ് ലഖ്നൗ നേടിയതെന്ന് കരുതിയെ ആരാധകരെ അമ്പരപ്പിച്ചായിരുന്നു ഹൈദരാബാദ് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും തകര്‍ത്തടിച്ചത്. പവര്‍ പ്ലേയില്‍ തന്നെ ഹൈദരാബാദ് 107 റണ്‍സിലെത്തിയിരുന്നു.
മത്സരശേഷം ഗ്രൗണ്ടില്‍ വെച്ചുതന്നെ ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക നായകന്‍ കെ എല്‍ രാഹുലിനോട് രോഷാകുലനായി സംസാരിക്കുന്നതും രാഹുല്‍ വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കേള്‍ക്കാതെ ഗോയങ്ക ദേഷ്യപ്പെടുന്നതും ആരാധകര്‍ കണ്ടിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ സീസണൊടുവില്‍ ലഖ്നൗ വിടുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക