
അഹമ്മദാബാദ്: ഇന്ത്യ - ദക്ഷിണാഫ്രിക്ക അഞ്ചാം ടി20യില്‍ ദക്ഷിണാഫ്രിക്കന്‍ താരം മാര്‍കോ യാന്‍സനെ പുറത്താക്കിയത് സഞ്ജു സാംസണിന്റെ മാസ്റ്റര്‍ പ്ലാന്‍. യാന്‍സന്‍ അപകടകരമായ രീതിയില്‍ ബാറ്റ് ചെയ്യുമ്പോഴാണ് സഞ്ജുവിന്റെ തീരുമാനം നിര്‍ണായകമായത്. മത്സരത്തില്‍ ഇന്ത്യ 30 റണ്‍സിന് വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 232 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്. ഹാര്‍ദിക് പാണ്ഡ്യ (25 പന്തില്‍ 63), തിലക് വര്‍മ (42 പന്തില്‍ 73) എന്നിവരാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാംസണ്‍ (22 പന്തില്‍ 37), അഭിഷേക് ശര്‍മ (21 പന്തില്‍ 34) എന്നിവര്‍ നല്‍കിയ തുടക്കം ഹാര്‍ദിക്-തിലക് സഖ്യം ഏറ്റെടുക്കുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനാണ് സാധിച്ചത്. വരുണ്‍ ചക്രവര്‍ത്തി ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.
15-ാം ഓവറിന്റെ രണ്ടാം പന്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോര്‍ജ് ലിന്‍ഡെ മടങ്ങുമ്പോള്‍ ഏഴിന് 163 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. അപ്പോഴും അവര്‍ക്ക് വിജയസാധ്യത ഉണ്ടായിരുന്നു. അതേ ഓവറിന്റെ നാലും അഞ്ചും പന്തുകള്‍ സിക്‌സര്‍ പായിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് ആത്മവിശ്വാസം നല്‍കി. 16 ഓവര്‍ പൂര്‍ത്തിയാവുമ്പോല്‍ ദക്ഷിണാഫ്രിക്ക ഏഴിന് 177. അവസാന നാല് ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 55 റണ്‍സ്. അടുത്ത ഓവറിലായിരുന്നു ട്വിസ്റ്റ്.
17-ാം ഓവറില്‍, ജസ്പ്രിത് ബുമ്രയുടെ ആദ്യ പന്തില്‍ യാന്‍സന്‍ സഞ്ജുവിന് ക്യാച്ച് നല്‍കി. എന്നാല്‍ അംപയര്‍ ഔട്ട് നല്‍കിയില്ല. ഇതോടെ റിവ്യൂ എടുക്കാന്‍ സഞ്ജു നിര്‍ബന്ധിച്ചു. ഇനിയും രണ്ട് റിവ്യൂ ബാക്കിയുണ്ടെന്നും, എടുക്കാമെന്നും സഞ്ജു ക്യാപ്റ്റനെ ബോധിപ്പിച്ചു. എന്തായാലും ആ തീരുമാനം തെറ്റിയില്ല. പന്ത് ബാറ്റില്‍ ഉരസിയിരുന്നു. അംപയര്‍ക്ക് തീരുമാനം മാറ്റേണ്ടി വന്നു. റിവ്യൂ എടുക്കാനുള്ള സഞ്ജുവിന്റെ തീരുമാനത്തെ കമന്റേറ്റര്‍മാരും പുകഴ്ത്തിയിരുന്നു.
വിക്കറ്റിന് പിന്നില്‍ മാത്രമല്ല, ബാറ്റിംഗിലും സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തു. കൂടാതെ ഒരു നാഴികക്കല്ലും സഞ്ജു പിന്നിട്ടു. അന്താരാഷ്ട്ര ടി20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സഞ്ജുവിന് സാധിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ചാം ടി20യില്‍ അഞ്ച് റണ്‍സ് നേടിയപ്പോള്‍ തന്നെ സഞ്ജു നാഴികക്കല്ല് പിന്നിട്ടു. 44 ഇന്നിംഗ്‌സില്‍ നിന്നാണ് സഞ്ജുവിന്റെ നേട്ടം. ടി20യില്‍ 8000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാകാനും സഞ്ജുവിന് സാധിച്ചു. മുന്‍ ക്യാപ്റ്റന്മാരായ വിരാട് കോലി, രോഹിത് ശര്‍മ, മുന്‍ താരം ശിഖര്‍ ധവാന്‍, ഇപ്പോഴത്തെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!