സഞ്ജു ബോയ്! വിശ്വാസം കാത്ത് ധ്രുവ് ജുറല്‍; താരത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ സഞ്ജുവിന് ആയിരം നാവ്

By Web TeamFirst Published Apr 28, 2024, 10:35 AM IST
Highlights

ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഒമ്പത് മത്സരങ്ങളില്‍ 16 പോയിന്റാണ് ടീമിനുള്ളത്.

ലഖ്‌നൗ: ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ ദിവസമായിരുന്നു ഇന്നലെ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ 33 പന്തില്‍ 71 റണ്‍സെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗ 197 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ രാജസ്ഥാന്‍ 19 ഓവറല്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 34 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ധ്രുവ് ജുറലിന്റെ ഇന്നിംഗ്‌സും എടുത്തുപറയണം. ഇരുവരും കൂട്ടിചേര്‍ത്ത 121 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി.

മത്സരത്തെ കുറിച്ച് സഞ്ജു പിന്നീട് സംസാരിച്ചു. ടി20 ഫോര്‍മാറ്റില്‍ ഫോം താല്‍കാലികമാണെന്ന് സഞ്ജു പറഞ്ഞു. രാജസ്ഥാന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''വിക്കറ്റ് കീപ്പറായി നില്‍ക്കുന്നത് ഞാന്‍ ഏറെ ആസ്വദിക്കുന്നു. പ്രത്യേകിച്ച് പുതിയ പന്തില്‍. ശേഷം, ബാറ്റിംഗിനെത്തുമ്പോള്‍ മികച്ച പിച്ച് ലഭിക്കുകയും ചെയ്തു. മത്സരത്തില്‍ മുമ്പ് ഒരുപാട് പദ്ധതികള്‍ അണിയറയില്‍ നടക്കുന്നുണ്ട്. മത്സരത്തിന്റെ തുടക്കവും അവസാനവും മികച്ചതായിരുന്നു. എന്നാല്‍ മധ്യ ഓവറുകളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങേണ്ടിവന്നു. ഈ ഫോര്‍മാറ്റില്‍ ഫോം താല്‍ക്കാലികമാണ്. '' സഞ്ജു പറഞ്ഞു. 

സീസണില്‍ ആദ്യമായി ഫോമിലേക്കെത്തിയ ധ്രുവ് ജുറെലിനെ കുറിച്ചും സഞ്ജു സംസാരിച്ചു. ''ഐപിഎല്ലിന് മുമ്പുള്ള ടെസ്റ്റ് പരമ്പരയില്‍ ജുറലിന്റെ പ്രകടനം നമ്മള്‍ കണ്ടിട്ടുണ്ട്. ഞങ്ങള്‍ക്ക് അവനില്‍ വിശ്വാസമുണ്ട്. നെറ്റ്‌സില്‍ ചില ദിവസങ്ങളില്‍ ഒന്നും രണ്ടും മണിക്കൂര്‍ അവന്‍ പരിശീലനം നടത്തുന്നു. ഞങ്ങള്‍ക്ക് നന്നായി കളിക്കാന്‍ സാധിച്ചു. കുറച്ച് ഭാഗ്യം കൂടി ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഈ രീതി നിലനിര്‍ത്തി കൊണ്ടുപോവേണ്ടതുണ്ട്.'' സഞ്ജു കൂട്ടിചേര്‍ത്തു.

കുറഞ്ഞ ഓവര്‍ നിരക്കിന് സഞ്ജുവിന് വന്‍ പിഴ! തെറ്റ് ആവര്‍ത്തിച്ചാല്‍ കാത്തിരിക്കുന്നത് വിലക്ക്

ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഒമ്പത് മത്സരങ്ങളില്‍ 16 പോയിന്റാണ് ടീമിനുള്ളത്. ലഖ്നൗ ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കുന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്നൗവിന് കെ എല്‍ രാഹുല്‍ (48 പന്തില്‍ 76), ദീപക് ഹൂഡ (31 പന്തില്‍ 50) എന്നിവരുടെ ഇന്നിംഗ്സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സന്ദീപ് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ രാജസ്ഥാന്‍ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു.

click me!