'കഴിഞ്ഞ അഞ്ച് മാസമായി ആ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു', മനസു തുറന്ന് സഞ്ജു സാംസണ്‍

Published : Nov 22, 2025, 12:22 PM IST
Sanju Samson

Synopsis

കഴി‍ഞ്ഞ 10-14 വര്‍ഷമായി ഐപിഎൽ കളിക്കുന്ന താരമെന്ന നിലയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഡ്രസ്സിംഗ് റൂമിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ചെന്നൈ ടീമിലെത്തിയതുകണ്ടല്ല ഞാനിത് പറയുന്നത്.

ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സിൽ എം എസ് ധോണിക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മലയാളി താരം സഞ്ജു സാംസൺ. അഞ്ചു തവണ ചാമ്പ്യൻമാരായ സി എസ് കെയുടെ ഭാഗമായതിൽ അഭിമാനമുണ്ടെന്നും സഞ്ജു പറഞ്ഞു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കഴിഞ്ഞ 15 ദിവസങ്ങൾക്കിടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നതെങ്കിലും കഴിഞ്ഞ അഞ്ച് മാസമായി ഞാന്‍ ആ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. വിധിയിലും സമയത്തിലുമെല്ലാം വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ശരിയായ സമയത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് പോലെ വലിയൊരു ടീമന്‍റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

കഴി‍ഞ്ഞ 10-14 വര്‍ഷമായി ഐപിഎൽ കളിക്കുന്ന താരമെന്ന നിലയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഡ്രസ്സിംഗ് റൂമിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ചെന്നൈ ടീമിലെത്തിയതുകണ്ടല്ല ഞാനിത് പറയുന്നത്. പക്ഷെ ഐപിഎല്‍ താരങ്ങളില്‍ നിന്നും രാജ്യാന്തര താരങ്ങളില്‍ നിന്നുമെല്ലാം ഞാന്‍ കേട്ടിട്ടുള്ളത്, ഐപിഎല്‍ ടീമുകളിലെ ഏറ്റവും മികച്ച ഡ്രസ്സിംഗ് റൂമുകളിലൊന്നാണ് ചെന്നൈയുടേത് എന്നാണ്. ചെന്നൈ ഡ്രസ്സിംഗ് റൂമിനെക്കുറിച്ച് മോശമായി ഒന്നും ഇതുവരെ കേട്ടിട്ടില്ല. അത് നേരിട്ട് അനുഭവിക്കാൻ പോവുന്നതിന്‍റെ ആവേശത്തിലാണ് ഞാന്‍.

ചെറുപ്പം മുതല്‍ ചെന്നൈയില്‍ പോയി ക്രിക്കറ്റ് കളിക്കുന്ന ആളാണ് ഞാന്‍. തമിഴ്നാട്ടുകാരായ നിരവധി കൂട്ടുകാരും എനിക്കുണ്ട്. ചെന്നൈ ടീമിലും നിരവധി സുഹൃത്തുക്കളുണ്ട്. മലയാളവും തമിഴും ഏറെ അടുത്തുനില്‍ക്കുന്ന ഭാഷയാണ്. എപ്പോഴും തമിഴ് സംസാരിക്കാറില്ലെങ്കിലും തമിഴ് സുഹൃത്തിനെ കണ്ടാല്‍ എനിക്ക് തമിഴ് സ്വാഭാവികമായി വരും. ഇനി അത് കൂടുമെന്നറിയാം. എന്‍റെ നാട്ടില്‍ പോലും തമിഴ് സിനിമ കാണുന്നവരാണ് കൂടുതലും. രാജസ്ഥാൻ റോയൽസ് വിട്ടശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് തെരഞ്ഞെടുത്തപ്പോള്‍ നാട്ടിലും വീട്ടിലും എല്ലാവരും ആവേശത്തോടെയാണ് പ്രതികരിച്ചത്. എല്ലാവരും പറയുന്നത് ചേട്ടാ നല്ല തീരുമാനം, സൂപ്പര്‍ തീരുമാനം എന്നൊക്കെയാണ്.

കേരളത്തില്‍ പോലും കൂടുതല്‍ മഞ്ഞ ജേഴ്സിയാണ് കാണാനാകുക. ഞങ്ങള്‍ ഇനി ചെന്നൈ ഫാന്‍സ് ആയെന്ന് നിരവധി പേര്‍ മെസേജ് അയച്ചു. അതുകൊണ്ട് വളരെ സന്തോഷമുണ്ട്. ചെന്നൈ ടീമില്‍ നിരവധി കൂട്ടുകാരുണ്ട്. പക്ഷെ അതിനെക്കാളൊക്കെ മുഖ്യം അവിടെ മറ്റൊരാളുണ്ടല്ലോ, എം എസ് ധോണി എന്ന് പറയുന്നൊരാൾ. 19 വയസുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി ഇന്ത്യൻ ടീമിലെത്തിയത്. അന്നാണ് മഹി ഭായിയെ ആദ്യമായി കാണുന്നത്. അന്നൊരു 10-20 ദിവസം ഒരുമിച്ച് ചെലവഴിച്ചു. അതിനുശേഷം ഐപിഎല്ലില്‍ പലപ്പോഴും കാണും. അപ്പോഴൊക്കെ ഒരു ആള്‍ക്കൂട്ടത്തിന്‍റെ നടുവിലായിരിക്കും അദ്ദേഹം.

മഹി ഭായിയെ ഇങ്ങനെ കണ്ടാല്‍ പോര, തനിയെ കാണണമെന്നൊക്കെ അന്ന് ഞാന്‍ അഗ്രഹിച്ചിരുന്നു. ഒടുവില്‍ അദ്ദേഹത്തൊടൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാനുള്ള അവസരം കാലം തന്നെ ഒരുക്കി തന്നു. ധോണിക്കൊപ്പം കളിക്കാനും പരിശീലനം നടത്താനും ബ്രേക്ക് ഫാസ്റ്റ് കഴിക്കാനുമെല്ലാം കാത്തിരിക്കുന്നു. അതാലോചിക്കുമ്പോഴെ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യ, ചെന്നൈ ടീമിലെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ്. എ ടീമിനായി ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ക്യാപ്റ്റനെ നിലയില്‍ റുതുരാജിന് എല്ലാ പിന്തുണയും നല്‍കും. പൊതുവെ ശാന്തനായ വ്യക്തിയാണ് റുതുരാജ്. അത്തരം ആളുകളുമായി ഞാന്‍ പെട്ടെന്ന് കണക്ട് ആവും.

അതുപോലെ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്, മൈക്ക് ഹസി എന്നിവരുടെ കൂടെയെല്ലാം പ്രവര്‍ത്തിക്കാന്‍ കഴിയുക എന്നത് വലിയ അവസരമാണ്. അടുത്ത സൂപ്പര്‍ താരം ഡെവാള്‍ഡ് ബ്രെവിസിനെപ്പോലെയുള്ളവരെല്ലാം അവിടെയുണ്ട്. മലയാളികളോട് എനിക്ക് പറയാനുള്ളത്, മലയാളികളുടെ ഇഷ്ടം അങ്ങനെയൊന്നും മാറ്റാന്‍ പറ്റത്തില്ല, പക്ഷെ ഇനി മുതല്‍ നമ്മള്‍ ചെന്നൈയാണ്. എല്ലാവരും മഞ്ഞ ജേഴ്സിയിടുക. സൂപ്പര്‍ കിംഗ്സിനെക്കൊണ്ട് ഒരു കപ്പും കൂടി അടിപ്പിക്കുക എന്നാണെന്നും സഞ്ജു പറഞ്ഞു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏകദിന റാങ്കിംഗ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി രോഹിത് ശര്‍മ, വിരാട് കോലി തൊട്ടുപിന്നില്‍, രാഹുലിനും നേട്ടം
ഗില്ലിന് പകരം ഓപ്പണറായി സഞ്ജു?, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ, സാധ്യതാ ഇലവൻ