
മുംബൈ: ഏഷ്യാ കപ്പില്‍ കിരീടമില്ലാതെ ആഘോഷിക്കേണ്ടിവന്നത് അസാധാരണ അനുഭവമായിരുന്നുവെന്ന് തുറന്നു പറഞ്ഞ് ഇന്ത്യൻ താരം സഞ്ജു സാംസണ്‍. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യൻ ടീം നിലപാടെടുത്തതോടെ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യക്ക് സമ്മാനിക്കാതെ ട്രോഫിയുമായി നഖ്‌വി സ്റ്റേഡിയം വിടുകയായിരുന്നു. പിന്നീട് സാങ്കല്‍പ്പിക ട്രോഫിയുമായാണ് ഇന്ത്യൻ ടീം ഏഷ്യാ കപ്പ് കിരീടനേട്ടം ആഘോഷിച്ചത്.
അത് അസാധാരണ അനുഭവമായിരുന്നു. പക്ഷെ ഡ്രസ്സിംഗ് റൂമില്‍ ഞങ്ങളെല്ലാവരും അതിനെ പോസറ്റീവായാണ് കണ്ടത്. ഞങ്ങളുടെ കൈയില്‍ ഒന്നുമില്ലെങ്കിലും എല്ലാം ഉള്ളതുപോലെ ഞങ്ങള്‍ ആഘോഷിച്ചു. ഞങ്ങള്‍ക്ക് അങ്ങനെ ആഘോഷിക്കാനെ പറ്റുമായിരുന്നുള്ളു. അതുകൊണ്ട് തന്നെ കൈയില്‍ കിരീടമുള്ളതുപോലെ ഞങ്ങള്‍ ആഘോഷിച്ചുവെന്ന് സിയറ്റ് പുരസ്കാരം സ്വീകരിക്കാനെത്തിയ സഞ്ജു പറഞ്ഞു. ടി20 ലോകകപ്പ് നേടിയപ്പോള്‍ രോഹിത് ശര്‍മ ലിയോണല്‍ മെസിയെ അനുകരിച്ച് നടന്ന നടത്തം സൂര്യകുമാറിനെക്കൊണ്ട് ചെയ്യിച്ചത് അര്‍ഷ്ദീപ് സിംഗിന്‍റെ ഐഡിയയായിരുന്നുവെന്ന് വരുണ്‍ ചക്രവര്‍ത്തി പറഞ്ഞു. അര്‍ഷ്ദീപാണ് സൂര്യയോട് അങ്ങനെ നടന്നുവരാന്‍ നിര്‍ദേശിച്ചതെന്നും വരുണ്‍ വ്യക്തമാക്കി.
സിയറ്റ് പുരസ്കാരദാന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ടി20 താരത്തിനുള്ള പുരസ്കാരമാണ് സഞ്ജു സ്വീകരിച്ചത്. ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ഏഷ്യാ കപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. പതിമൂന്നാം ഓവറില്‍ 113-2 എന്ന സ്കോറില്‍ നിന്നാണ് പാകിസ്ഥാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടായത്. 147 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ ആദ്യം സഞ്ജു സാംസണും തിലക് വര്‍മയുമായി ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പിന്നീട് തിലക് വര്‍മയും ശിവം ദുബെയും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായിരുന്നു ഇന്ത്യക്ക് ജയമൊരുക്കിയത്. 53 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയും 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു സാംസണും 22 പന്തില്‍ 33 റണ്‍സെടുത്ത ശിവം ദുബെയുമാണ് ഇന്ത്യൻ വിജയത്തില്‍ നിര്‍ണായകമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക