
ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 60 പന്തില്‍ 104 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 28 പന്തില്‍ 38 റണ്‍സുമായി പുറത്താവാതെ നിന്നു.
ജയത്തോടെ എട്ട് കളികളില്‍ 14 പോയിന്റുമായി രാജസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. സഞ്ജുവിന് കീഴില്‍ ഒരു മത്സരത്തില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടത്. സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ കുതിപ്പ് തുടരുമ്പോള്‍ ക്യാപ്്റ്റന് വേണ്ടി കയ്യടിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. രോഹിത് ശര്‍മയ്ക്ക് ശേഷം സഞ്ജു ഇന്ത്യയെ നയിക്കണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. യശസ്വി ജയ്‌സ്വാളിനെ കുറിച്ചും ഹര്‍ഭജന്‍ സംസാരിക്കുന്നുണ്ട്.
അദ്ദേഹം എക്‌സില്‍ സഞ്ജുവിനെ കുറിച്ച് പറഞ്ഞതിങ്ങനെ... ''വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ആര് വിക്കറ്റ് കീപ്പറാവണമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തന്നെ പാടില്ല. ടി20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജു ഉണ്ടായിരിക്കണം. മാത്രമല്ല, ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനെന്ന നിലയിലേക്ക് സഞ്ജു വളരുകയും ചെയ്തു. രോഹിത്തിന് ശേഷം സഞ്ജു ഇന്ത്യയെ നയിക്കണം.'' ഹര്‍ഭജന്‍ കുറിച്ചിട്ടു. ജയസ്വാളിനെ കുറിച്ച ഹര്‍ഭജന്‍ പറഞ്ഞതിങ്ങനെ... ''ഫോം താല്‍കാലികമാണ്, പക്ഷേ ക്ലാസ് ശാശ്വതമാണ് എന്ന പറയുന്നതിന് ഉത്തമ ഉദാഹരണമാണ് ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്.'' മുന്‍ സ്പിന്നര്‍ വ്യക്തമാക്കി.
ജയത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫിന് അരികിലെത്തി. 35 റണ്‍സെടുത്ത ജോസ് ബട്ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ജയത്തോടെ എട്ട് കളികളില്‍ 14 പോയന്റുമായി രാജസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ തോല്‍വിയോടെ മുംബൈ ഇന്ത്യന്‍സ് എട്ട് കളികളില്‍ ആറ് പോയന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു. സ്‌കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 179-9, രാജസ്ഥാന്‍ റോയല്‍സ് 18.4 ഓവറില്‍ 183-1.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!