
ദില്ലി: രാജസ്ഥാന്‍ റോയല്‍സില്‍ നായകന്‍ സഞ്ജു സാംസണ്‍ ഇനി ഫിനിഷറുടെ റോള്‍ പരീക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങി ഐപിഎല്ലില്‍ രാജസ്ഥാനും വേണ്ടിയും ഭാവിയില്‍ ഇന്ത്യക്കുവേണ്ടിയും മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനാണ് സഞ്ജു ഇനി ശ്രമിക്കേണ്ടതെന്നും കൈഫ് സോണി സ്പോര്‍ട്സിനോട് പറഞ്ഞു.
കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാനെ ഫൈനലിലെത്തിച്ച സഞ്ജു 17 മത്സരങ്ങളില്‍ 146.79 പ്രഹരശേഷിയില്‍ 458 റണ്‍സടിച്ചിരുന്നു. ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസരം ലഭിച്ചില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുശേഷം നടക്കുന്ന അയര്‍ലന്‍ഡ് പരമ്പരക്കുള്ള ടീമിലേക്ക് സഞ്ജു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സഞ്ജു ഫിനിഷറുടെ റോള്‍ പരീക്ഷിക്കണമെന്ന് കൈഫിന്‍റെ നിര്‍ദേശം.
അയര്‍ലന്‍ഡിനെതിരെ ആരെ കളിപ്പിക്കും, സഞ്ജുവോ കാര്‍ത്തിക്കോ, തുറന്ന് പറഞ്ഞ് പാക് താരം
ടോപ് ഓര്‍ഡറില്‍ യുവ ബാറ്റര്‍മാരുടെ തള്ളിക്കയറ്റമുള്ള ഇന്ത്യന്‍ ടീമില്‍ ഫിനിഷറുടെ റോളില്‍ നിലവില്‍ 37കാരനായ ദിനേശ് കാര്‍ത്തിക്കാണുള്ളത് എന്നത് കൈഫിന്‍റെ നിര്‍ദേശത്തിന്‍റെ പ്രസക്തി കൂട്ടുന്നു. നിലയുറപ്പിക്കാന്‍ സമയമെടുക്കാതെ ആദ്യ പന്തില്‍ തന്നെ സിക്സടിക്കാന്‍ കഴിവുള്ള സഞ്ജുവിന് ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ അധികം പ്രയാസപ്പെടേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍.
സഞ്ജുവിന് പ്രതിഭയും കഴിവും ധാരാളം ഉണ്ട്. പക്ഷെ അതിനോട് നീതിപുലര്‍ത്താന്‍ സഞ്ജുവിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അവന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങി രാജസ്ഥാനുവേണ്ടിയും ഭാവിയില്‍ ഇന്ത്യക്കായും ഫിനിഷറുടെ റോള്‍ എറ്റെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്-കൈഫ് വ്യക്തമാക്കി.
പന്ത് തിരിച്ചുവരും
ബാറ്റിംഗ് പരാജയത്തിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന റിഷഭ് പന്തിനെയും കൈഫ് പിന്തുണച്ചു. പന്ത് അധികം വൈകാതെ തന്‍റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് കൈഫ് പറഞ്ഞു. വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര പന്തിനെ സംബന്ധിച്ചിടത്തോളം നിര്‍ണായതമായിരിക്കുമെന്നും കൈഫ് വ്യക്തമാക്കി.
ഇംഗ്ലണ്ട് പരമ്പരയില്‍ പന്ത് ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷെ കളിക്കാരനെന്ന നിലയില്‍ ഈ പരമ്പര പന്തിന് ഏറെ നിര്‍ണായകമായിരിക്കും. കാരണം ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്‍റുകള്‍ വരാനിരിക്കെ പന്ത് ഫോമിലാവേണ്ടത് ഇന്ത്യയുടെയും ആവശ്യമാണ്. ഫോമിലായാല്‍ പന്ത് ഇന്ത്യയടെ എക്സ് ഫാക്ടറാകുമെന്നും കൈഫ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!