
തിരുവനന്തപുരം: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സെലക്ടര്‍മാര്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണ്‍ ഏഷ്യാ കപ്പ് ടീമിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലുമെല്ലാം ടി20 ടീമില്‍ തിരിച്ചെത്തിയാല്‍ സഞ്ജുവിന് ടോപ് ഓര്‍ഡറില്‍ ഇടം നഷ്ടമാകുമെന്നും ഇതോടെ ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറായി ഏഷ്യാ കപ്പ് ടീമിലെത്തുമെന്നും കരുതുന്നവരുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ജോഫ്ര ആര്‍ച്ചറുടെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്ക് മുന്നില്‍ അടിതെറ്റിയതും പരിക്കുമൂലം ഐപിഎല്ലില്‍ തിളങ്ങാനാവാതിരുന്നതും സഞ്ജുവിന് തിരിച്ചടിയാകുമെന്നും കരുതുന്നവരുണ്ട്.
എന്നാല്‍ ടി20 ക്രിക്കറ്റില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യൻ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം സഞ്ജു സാംസണാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഈ വര്‍ഷം ജൂലൈ വരെ കളിച്ച 16 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 171.47 പ്രഹരശേഷിയില്‍ സഞ്ജു 487 റണ്‍സാണ് നേടിയത്. 111 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഇന്ത്യൻ താരങ്ങളില്‍ അഭിഷേക് ശര്‍മ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രഹരശേഷി പുറത്തെടുത്ത താരവും സഞ്ജുവാണ്.
റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ളത് സഞ്ജുവിന്‍റെ സഹ ഓപ്പണറായ അഭിഷേക് ശര്‍മയാണ്. 14 മത്സരങ്ങളില്‍ നിന്ന് 435 റണ്‍സടിച്ച അഭിഷേക് ശര്‍മക്ക് 193.33 പ്രഹരശേഷിയുമുണ്ട്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയുമാണ് അഭിഷേക് നേടിയചത്. റണ്‍വേട്ടക്കാരില്‍ മൂന്നാം സഥാനത്ത് തിലക് വര്‍മയാണ്. 135 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
ഒമ്പത് മത്സരങ്ങളില്‍ 420 റണ്‍സടിച്ച തിലക് വര്‍മയ്ക്ക് 170.66 പ്രഹരശേഷിയും 82.60 ബാറ്റിംഗ് ശരാശരിയുമുണ്ട്. രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയ തിലകിന്‍റെ ഉയര്‍ന്ന സ്കോര്‍ 120 നോട്ടൗട്ടാണ്. റണ്‍വേട്ടയില്‍ നാലാമതുള്ളത് ഹാര്‍ദ്ദിക് പാണ്ഡ്യയാണ്. 13 മത്സരങ്ങളില്‍ 145.45 സ്ട്രൈക്ക് റേറ്റില്‍ 320 റണ്‍സാണ് ഹാര്‍ദ്ദിക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നേടിയത്. ഒരു അര്‍ധസെഞ്ചുറി മാത്രമാണ് ഹാര്‍ദ്ദിക്കിന്‍റെ പേരിലുള്ളത്. റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുള്ളത്. 14 മത്സരങ്ങളില്‍ കളിച്ച സൂര്യ 161.25 പ്രഹരശേഷിയില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 258 റണ്‍സാണ് നേടിയത്.
ഐപിഎല്ലില്‍ സൂര്യകുമാര്‍ യാദവ് 717 റണ്‍സുമായും അഭിഷേക് ശര്‍മ 439 റണ്‍സുമായും തിളങ്ങിയപ്പോള്‍ തിലക് വര്‍മ(343), പരിക്കുമൂലം അഞ്ച് മത്സരങ്ങള്‍ നഷ്ടമായ സഞ്ജു സാംസണ്‍(285), ഹാര്‍ദ്ദിക് പാണ്ഡ്യ(224) എന്നിവര്‍ക്ക് മികവ് കാട്ടാനായിരുന്നില്ല. എന്നാല്‍ സഞ്ജുവിന് പകരം ഏഷ്യാ കപ്പ് ടീമില്‍ പരിഗണിക്കാനിടയുള്ള ജിതേഷ് ശര്‍മ 15 മത്സരങ്ങളില്‍ 261 റണ്‍സുമായി റണ്‍വേട്ടയില്‍ സഞ്ജുവിന് പിന്നിലാണ് ഫിനിഷ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക